തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ മുൻ നിലപാടിൽ മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനെതിരെ നടന്നത് വധശ്രമമായിരുന്നെന്നും മുഖ്യമന്ത്രി വിമാനത്തിൽനിന്ന് പുറത്തിറങ്ങും മുമ്പ് കോൺഗ്രസ് അക്രമികൾ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തെന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.
പ്രതിഷേധിക്കാനായി മൂന്നുപേർ വിമാനത്തിൽ കയറുന്ന കാര്യം മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നെന്നും സുരക്ഷ ഉദ്യോഗസ്ഥർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി വിമാനത്തിൽനിന്നിറങ്ങിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നുമാണ് നേരത്തേ കോടിയേരി ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നത്. ഈ നിലപാട് തിരുത്തുന്നതാണ് പാർട്ടി മുഖപത്രത്തിലെ ലേഖനം.
ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ആസൂത്രണം നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയതെന്ന് ലേഖനത്തിൽ പറയുന്നു. സീറ്റ് ബെൽറ്റ് മാറ്റാൻ അനൗൺസ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ഇവർ ബെൽറ്റഴിച്ച് മുഖ്യമന്ത്രിയുടെ അടുത്തെത്തുകയായിരുന്നു. ഇ.പി. ജയരാജന്‍റെയും മറ്റും സന്ദർഭോചിതമായ ഇടപെടൽ കൊണ്ടാണ് അക്രമികൾക്ക് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതെ പോയത്. വിമാനറാഞ്ചികളുടെ ശൈലിയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തുകയാണ്. ഇതുവരെ പ്രധാനമന്ത്രിക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ മുഖ്യമന്ത്രിമാർക്കെതിരെയോ ഇങ്ങനെയൊരു അക്രമം നടന്നിട്ടില്ല. എന്നിട്ടും ഇതിനെ അപലപിക്കുന്നതിനു പകരം കോൺഗ്രസ് ന്യായീകരിക്കുന്നു. ഇടത് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു.ഡി.എഫ്-എൻ.ഡി.എ മുന്നണികൾ സയാമീസ് ഇരട്ടകളെപ്പോലെ പ്രവർത്തിക്കുന്നു. ദേശവ്യാപകമായി കോൺഗ്രസ് നടത്തിയ ഇ.ഡി വിരുദ്ധ സമരം കേരളത്തിൽ നാമമാത്രമായിരുന്നെന്നും കോടിയേരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.