നാലു വയസുള്ള മകനെ കിട്ടാൻ പാതിര വരെ നീണ്ട സമരവുമായി യുവതി; ഗത്യന്തരമില്ലാതെ വഴങ്ങി പൊലീസ്​

മാന്നാർ: നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാൻ പൊലീസ്​ സ്​റ്റേഷനു മുന്നിൽ യുവതിയുടെ സമരം. ഒടുവിൽ പൊലീസ്​ ഇടപെടലിൽ കുഞ്ഞിനെ യുവതിക്ക്​ തിരികെ കിട്ടി. 

ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകക്ക് താമസിക്കുന്ന 26കാരിയായ സ്നേഹയാണ് ത​െൻറ മകൻ അശ്വി​നെ (നാല്​) വിട്ടുകിട്ടാത്തതിനെത്തുടർന്ന് പ്രതിഷേധവുമായി മാന്നാർ പൊലീസ് സ്​റ്റേഷന് മുന്നിലെത്തിയത്​. ക്രിസ്മസ് ദിനത്തിൽ രാവിലെ മുതൽ സ്​റ്റേഷന്​ മുന്നിൽ നിൽക്കുകയായിരുന്നു യുവതി. രാത്രിയോടെ പൊലീസ്​ ഇടപെടലിൽ കുട്ടിയെ നൽകിയതോടെയാണ് ഇവർ മടങ്ങിയത്.

ബുധനൂർ കിഴക്ക് കോടഞ്ചിറ മനോജ് ഭവനത്തിൽ സുനിലുമായി 2014 ലായിരുന്നു സ്നേഹയുടെ രജിസ്​റ്റർ വിവാഹം. ആദ്യ കുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കെ മരിച്ചു. പിന്നീട്​ അശ്വിൻ ജനിച്ചതിന്​ പിന്നാലെ ഭർത്താവ്​ സുനിൽ ഗൾഫിലേക്ക് ജോലിക്ക് പോയി.

അടൂർ കെ.എസ്.ആർ.ടി.സിയിൽ കോവിഡ്​ വളൻറിയറായി സേവനമനുഷ്ഠിക്കാൻ തുടങ്ങിയതോടെ കുഞ്ഞിനെ ഭർതൃവീട്ടുകാർ കൊണ്ടുപോവുകയും ഭർത്താവടക്കമുള്ളവരോട് തന്നെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയും ചെയ്തുവെന്നാണ്​ സ്​നേഹ പറയുന്നത്​. പിന്നീട്​ കുഞ്ഞിനെ കാണാൻപോലും സ്നേഹയെ അനുവദിച്ചില്ല.

2020 ജൂണിൽ മാന്നാർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്, ചെങ്ങന്നൂർ ഡിവൈ.എസ്​.പിയെ സമീപിച്ചപ്പോൾ ഇരുകൂട്ടരെയും മാന്നാർ സി.ഐ ഒത്തുതീർപ്പിന്​ വിളിപ്പിക്കുകയും രണ്ടുമാസം കഴിഞ്ഞ് ഭർത്താവ്​ എത്തുമ്പോൾ പരിഹാരം കാണാമെന്നുപറഞ്ഞ്​ വിടുകയുമായിരുന്നു.

കുട്ടിയെ തിരികെക്കിട്ടാതെ പോകില്ലെന്ന് പറഞ്ഞ്​ യുവതി ശനിയാഴ്​ച സ്​റ്റേഷന് പുറത്ത് നിന്നതോടെ ഗത്യന്തരമില്ലാതെ മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പതിനൊന്നോടെ സ്‌നേഹയെയും കൂട്ടി ഭർതൃവീട്ടിലെത്തി മകനെ വീണ്ടെടുത്ത് സ്​റ്റേഷനിൽ കൊണ്ടുവന്ന് വ്യവസ്ഥകളോടെ കൈമാറുകയായിരുന്നു.


Tags:    
News Summary - protest of a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.