ഗോള്‍വാള്‍ക്കറുടെ പേരു നൽകുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: ആക്കുളത്തുള്ള രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) പുതിയ ക്യാംപസിന് ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ്. ഗോള്‍വാള്‍ക്കറുടെ പേരു നൽകുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്ന്​ ശശി തരൂർ എം.പി ചോദിച്ചു.

ഇന്നലെ സെൻററുമായി ബന്ധപ്പെട്ട്​ നടന്ന വെബിനാറിൽ കേന്ദ്ര ശാസ്​ത്ര സാ​ങ്കേതിക വകുപ്പ്​ മന്ത്രി ഹർഷ വർദ്ധനാണ്​ നാമകരണം പ്രഖ്യാപിച്ചത്​. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്​ 'ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെൻറർ ഫോർ കോംപ്ലക്​സ്​ ഡിസീസ്​ കാൻസർ ആൻഡ്​ വൈറൽ ഇൻഫെക്ഷൻ' എന്ന പേര്​ മന്ത്രി പ്രഖ്യാപിച്ചത്​. മുൻ ​പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ പേരിലുള്ള സ്​ഥാപനത്തിൻെറ ഭാഗമായുള്ള കാമ്പസിന്​ ആർ.എസ്​.എസ്​ നേതാവിൻെറ പേരിടുന്നത്​ എന്തടിസ്​ഥാനത്തിലാണെന്നാണ്​ ചോദ്യമുയരുന്നത്​.ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് വര്‍ഗീയത വളര്‍ത്താനേ സഹായിക്കുകയുള്ളൂവെന്നും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നീക്കം ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സി.പി.എം വ്യക്തമാക്കി.

തീരുമാനം ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും രാജ്യത്തിൻെറ ചരിത്രത്തിൽത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാൻ വഴിയില്ലെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മുല്ലക്കര രത്​നാകരൻ അഭിപ്രായപ്പെട്ടു.

''കേരളത്തിൽ ക്യാൻസറിനെയും വൈറൽ രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന് നൽകാൻ ഏറ്റവും അനുയോജ്യമായത് ഡോക്ടർ പല്‍പ്പുവിൻ്റെ പേരാണ്. മെഡിക്കൽ പഠനം കഴിഞ്ഞുവന്നപ്പോൾ ജോലി കൊടുക്കാതെ തെങ്ങുചെത്താനായിരുന്നു പൽപ്പുവിനോട് അന്നത്തെ ജാതീയ ഭരണകൂടം പറഞ്ഞത്. പക്ഷേ പൽപ്പു തെങ്ങുചെത്തിയില്ല. മൈസൂരിലെ വാക്സിൻ നിർമ്മാണശാലയുടെ മേൽനോട്ടക്കാരനായി. ഗോവസൂരിക്കെതിരായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ പൽപ്പു നിർമ്മിച്ചു. 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും വിലവെയ്ക്കാതെ അദ്ദേഹം അതിനെതിരെ പോരാടി. മൈസൂരിലെ ലിംഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായിട്ടാണ് അദ്ദേഹം വിരമിച്ചത്. ഡോ. പൽപ്പുവിൻെറ പേരിൽ ഒരു ആരോഗ്യഗവേഷണ സ്ഥാപനം ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആവശ്യമാണ്​'' -മുല്ലക്കര രത്​നാകരൻ വ്യക്തമാക്കി.

ഗോള്‍വാക്കറിൻെറ പേര് നല്‍കാനുള്ള മോദി സര്‍ക്കാരിൻെറ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്നും എം.എ ബേബി ഫേസ്ബുക്കിലൂടെ പറഞ്ഞു. ''ഗോ​ൾ​വാ​ൾ​ക്ക​ർ കു​പ്ര​സി​ദ്ധ​നാ​യ വ​ർ​ഗീ​യ​വാ​ദി​യാ​ണ്​. ആർ.എസ്.എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ.എസ്.എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ മേധാവിയുടെ കീഴിലായിരുന്നു. ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോൾവർക്കർ'' -എം.എ ബേബി കുറിച്ചു.


നടപടി അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ആർ.എസ്​.എസ്​ നേതാവിൻെറ പേര്​ നൽകിയത്​​ അംഗീകരിക്കാനാവില്ലെന്ന്​ ശബരിനാഥ്​ എം.എൽ.എ പറഞ്ഞു. ബയോടെക്​നോളജി മേഖലയിലെ​ ശാസ്​ത്രജ്​ഞരുടെ പേരാണ്​ നൽകേണ്ടിയിരുന്നത്​. ബി.ജെ.പിയും ആർ.എസ്​.എസും മറ്റു സംസ്​ഥാനങ്ങളിൽ ചെയ്യുന്നത്​ കേരളത്തിലും നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം ജഗതിയിലാണ്​ രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി സ്ഥിതിചെയ്യുന്നത്​. 1990ൽ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എജുക്കേഷൻ, സയൻസ് ആൻഡ്​ ടെക്നോളജി എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയായാണ്​ ഇതിൻെറ പ്രവർത്തനം ആരംഭിച്ചത്​.

1991ൽ സംസ്ഥാന സർക്കാറിൻെറ ഗ്രാൻറ് ഇൻ എയ്​ഡ്​ സ്ഥാപനമായി രാജീവ്ഗാന്ധി സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് എജുക്കേഷൻ, സയൻസ് ആൻഡ്​ ടെക്നോളജി എന്ന് പുനർനാമകരണം ചെയ്​തു. 1994 ഏപ്രിൽ 18ന് സംസ്ഥാന സർക്കാർ സമഗ്ര ബയോടെക്നോളജി സെൻററായി പുനഃസംഘടിപ്പിച്ചു.

Tags:    
News Summary - Protests against naming of Golwalkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.