തിരുവനന്തപുരം: പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും സുസജ്ജം. വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിച്ച് ആവശ്യമുള്ളവര്‍ക്ക് ചികിത്സയും പരിചരണവും നല്‍കും. ഇതിനായി സൗകര്യമൊരുക്കി ജീവനക്കാരെ വിന്യസിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആപ്പും ക്യു.ആർ കോഡും വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയാറാക്കി.
തിരുവനന്തപുരത്തേത് ‘കരുതല്‍’ ആപ്, എറണാകുളത്തേത് ‘ആയുര്രക്ഷാദ ആപ്, കോഴിക്കോട്ടേത് ‘ആഗമനം’ ആപ് എന്നിങ്ങനെയാണ് പേര്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവരുടെ പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ക്യു.ആര് കോഡ് വഴി ഇവരെപ്പറ്റി വിവരങ്ങള്‍ അറിയാം. ഇവരെ പിന്തുടരാനും സാധിക്കും.
ഇരുത്തം ‘സിഗ് സാഗ് പാറ്റേണി’ൽ
എല്ലാവരേയും മാസ്ക് ധരിപ്പിച്ച് സിഗ് സാഗ് പാറ്റേണിലാണ് വിമാനത്തില്‍ ഇരുത്തുക. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് വിമാനത്താവളത്തിലും തുടര്‍ന്ന് ക്വാറൻറീനിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അനൗണ്സ്മെൻറുണ്ടാകും. കൂടാതെ സെല്‍ഫ് റിപ്പോര്‍ട്ട് ഫോര്‍മാറ്റും പൂരിപ്പിച്ച് ഹെല്പ് ഡെസ്കില്‍ നല്‍കണം.
ഒരുസമയം 20 പേർ
15 മുതല്‍ 20 പേരെയാണ് ഒരു മീറ്റര്‍ അകലം പാലിച്ച് ഒരേസമയം വിമാനത്തില്‍ നിന്നിറക്കുക. എയ്റോബ്രിഡ്ജില്‍ െവച്ച് താപനില പരിശോധിക്കും. പനിയുണ്ടെങ്കില്‍ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റും. പനിയില്ലെങ്കില്‍ ഹെല്പ് ഡെസ്കിലേക്ക് വിടും. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു വിമാനത്താവളത്തിൽ 4 മുതല്‍ 15 വരെ ഹെല്പ് ഡെസ്കുണ്ടാകും.
ഹെല്പ് ഡെസ്കിലെ ഡോക്ടര്‍ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവരെ ഗൈഡിങ് സ്റ്റേഷനിലെത്തിച്ച് ലഗേജുകള്‍ അണുമുക്തമാക്കി ക്വാറൻറീന് കേന്ദ്രങ്ങളിലെത്തിക്കും.
ലക്ഷണമുള്ളവർ ചികിത്സ കേന്ദ്രത്തിലേക്ക്
ഐസൊലേഷന്‍ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ തൊട്ടടുത്ത കോവിഡ് ചികിത്സ കേന്ദ്രത്തിലാക്കും. ലഗേജുകള്‍ അണുമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കും. ക്വാറൻറീൻ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ ആര്.ടി.പി.സി.ആര് പരിശോധന നടത്തും. ഇവരിലും രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലാക്കും.
207 ആശുപത്രികൾ സജ്ജം
രോഗലക്ഷണമുള്ളവരെ ചികിത്സിക്കാന്‍ പ്ലാന്‍ എ,ബി,സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കി. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ പ്ലാന്‍ സിയില്‍ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ മറ്റെല്ലാം മാറ്റിെവച്ച് സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂര്‍ണ കോവിഡ് കെയര്‍ ആശുപത്രികളാക്കും. മെഡിക്കല്‍ കോളജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയാണിവ.
11,084 കിടക്കകൾ, 1679 ഐ.സി.യു കിടക്കകൾ
11,084 ഐസൊലേഷന്‍ കിടക്കകളും 1679 ഐ.സി.യു കിടക്കകളുമാണ് സജ്ജമാക്കിയത്. ഒരേസമയം 18,000ത്തോളം കിടക്കകള്‍ ഒരുക്കാൻ സംവിധാനമുണ്ട്. ഇതുകൂടാതെ ആരോഗ്യവകുപ്പിെൻറ 462 കോവിഡ് കെയര്‍ സെൻററുകളിലായി 16144 കിടക്കകളും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.