പി.എസ്.സി കോഴ: ചെറിയ സ്രാവിനെ ബലി നല്‍കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണെന്ന് വി.ഡി സതീശൻ

കൊച്ചി: പി.എസ്.സി കോഴയില്‍ ചെറിയ സ്രാവിനെ ബലി നല്‍കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ പുറത്തുവരാതിരിക്കാനാണ് പണം നല്‍കി സി.പി.എം കേസ് ഒത്തുതീര്‍പ്പാക്കിയത്. പി.എസ്.സി അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും പാര്‍ട്ടി നേതാക്കളുടെയും പേര് പറഞ്ഞ് പണം വാങ്ങി. പണം തിരിച്ച് നല്‍കി പാര്‍ട്ടി തന്നെ കേസ് ഒതുക്കിത്തീര്‍ക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴ വാങ്ങിയ സംഭവമെ ഇല്ലെന്ന പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സി.പി.എം നേതൃത്വവും പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ ഒരു സംഭവമെ ഇല്ലെങ്കില്‍ എന്തിനാണ് ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായി പ്രമോദ് കോട്ടുളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്? പി.എസ്.സി അംഗമാക്കാനല്ല ആയുഷിലേക്കുള്ള സ്ഥലം മാറ്റത്തിനാണ് പണം വാങ്ങിയതെന്നാണ് ഇപ്പോള്‍ പറയുന്നത്.

ഹോമിയോ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം കിട്ടാന്‍ 22 ലക്ഷമാണോ കേരളത്തിലെ റേറ്റ്? ഇതും ഒരു കുറ്റകൃത്യമല്ലേ. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും കയ്യില്‍ പരാതി കിട്ടിയിട്ട് എത്ര മാസമായി? പരാതി കിട്ടിയിട്ട് പൊലീസിന് നല്‍കിയോ? പാര്‍ട്ടി തന്നെയാണോ പൊലീസ് സ്റ്റേഷനും കോടതിയും? ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളികളായ വമ്പന്‍മാര്‍ ഉള്ളതു കൊണ്ടാണ് ഇത് പാര്‍ട്ടിയില്‍ ഒതുക്കിത്തീര്‍ക്കുന്നത്. പാര്‍ട്ടി പണം നല്‍കിയാണ് കേസ് ഒതുക്കിത്തീര്‍ക്കുന്നത്.

പി.എസ്.സി അംഗത്വം വരെ വില്‍പനക്ക് വെക്കാന്‍ സി.പി.എമ്മിന് നാണമില്ലേ? എല്‍.ഡി.എഫിലെ ജനതാദള്‍ എസിലും എന്‍.സി.പിയിലും ഐ.എന്‍.എല്ലിലും സമാനമായ ആരോപണമുണ്ടായി. എല്ലാ ഘടകകക്ഷികളും കൂടി പി.എസ്.സിയെ വില്‍പനക്ക് വച്ചിരിക്കുകയാണ്. ഇത്രയും നാണംകെട്ട കാലം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? അഴിമതിയോട് അഴിമതിയാണ് നടക്കുന്നത്. മുകള്‍ത്തട്ട് മുതല്‍ താഴെ വരെ അഴിമതിയാണ്. മുകളിലുള്ളവര്‍ അഴിമതി നടത്തുന്നതു കൊണ്ടാണ് താഴെയുള്ളവരെ നിയന്ത്രിക്കാനാകാത്തത്.

പ്രമോദ് കോട്ടുളി ഇവരുടെയൊക്കെ സന്തതസഹചാരിയല്ലേ? ഇവര്‍ ആരും അറിയാതെയാണോ പണം വാങ്ങിയത്? വേറെ ആര്‍ക്കും പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പരാതി വന്നപ്പോള്‍ പൊലീസിന് നല്‍കാതിരുന്നത്? വമ്പന്‍ സ്രാവുകളും ഈ കേസില്‍ പെട്ടിട്ടുണ്ട്. അവരുടെ പേരുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ് പാര്‍ട്ടി പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയത്. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയുമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയാണ്. രണ്ടു തരം പൗരന്‍മാരാണ് കേരളത്തിലുള്ളത്. യു.ഡി.എഫുകാര്‍ക്കെതിരെയായിരുന്നെങ്കില്‍ ഇല്ലാത്ത സംഭവങ്ങളില്‍ വരെ കേസെടുക്കും.

പത്തനംതിട്ടയില്‍ ക്രിമിനലുകളെ മന്ത്രി സ്വീകരിച്ചതിലും കോഴിക്കോട്ടെ കോഴയിലും സി.പി.എമ്മിനെ ജനങ്ങള്‍ക്ക് മുന്നില്‍ തൊലിയുരിച്ച് കാണിക്കും. ഞങ്ങള്‍ ജനങ്ങളിലേക്ക് പോകുകയാണ്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തനിനിറം എന്താണെന്ന് സാധാരണക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. ബാര്‍ കോഴയുമായി ബന്ധപ്പെട്ട സമരവുമായും യു.ഡി.എഫ് മുന്നോട്ട് പോകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്‍കിയ പരാതിയിലും ഇതുവരെ കേസെടുത്തിട്ടില്ല. ആര് അഴിമതി നടത്തിയാലും പുറത്തുവരണം. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ നേരമില്ലാത്തവര്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PSC corruption: VD Satheesan says that big sharks in the party are escaping by sacrificing a small shark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.