ജുമുഅ സമയത്തെ പി.എസ്.സി പരീക്ഷ: അപേക്ഷിക്കുന്നവർക്ക് സമയം മാറ്റി നൽകും -പി.എസ്.സി

തിരുവനന്തപുരം: ജൂലൈ 22 വെള്ളിയാഴ്ച നി​ശ്ചയിച്ച പി.എസ്.സി ഓൺലൈൻ പരീക്ഷയിൽ പ​ങ്കെടുക്കേണ്ട ഉദ്യോഗാർഥികൾക്ക് തക്കതായ കാരണമുണ്ടെങ്കിൽ സമയം മാറ്റി നൽകുമെന്ന് പി.എസ്.സി സെക്രട്ടറി സാജു ജോർജ് അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്താൻ നിശ്ചയിച്ചതിനെതിരെ വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സിയുടെ അറിയിപ്പ്. സമയക്രമത്തിൽ അസൗകര്യമുള്ളവർ തൃപ്തികരമായ കാരണം ചൂണ്ടിക്കാട്ടി അപേക്ഷിക്കണമെന്നും പി.എസ്.സി അറിയിച്ചു.

നാളെ (21.07.22 -വ്യാഴം) ഉച്ച രണ്ടുമണിക്ക് മുമ്പ് jsonline.psc@kerala.gov.in എന്ന ഇ മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കണം.

ഓൺലൈൻ പരീക്ഷയുടെ സമയക്രമവുമായി ബന്ധപ്പെട്ട് അനാവശ്യമായ ആക്ഷേപങ്ങളാണ് ഉയർന്നുവരുന്നതെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി സ്ക്കൂൾ ടീച്ചർ (ഹിസ്റ്ററി) തസ്തികയുടെ ഓൺലൈൻ പരീക്ഷ രണ്ട് സെഷനിലായി രാവിലെ 9 നും 11.15 നും ആരംഭിക്കുന്ന വിധത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ തൃപ്തികരമായ കാരണങ്ങൾ സഹിതം ആവശ്യപ്പെട്ടാൽ തന്നെ സമയക്രമം മാറ്റി നൽകുന്ന കാര്യം പരിഗണിക്കാമെന്നിരിക്കെയാണ് ചിലർ ബോധപൂർവം ആക്ഷേപമുന്നയിക്കുന്നത്.

പി.എസ്.സിയുടെ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ മാത്രമാണ് പരീക്ഷ നടക്കുന്നത് എന്നതിനാൽ അത്യാവശ്യഘട്ടത്തിൽ സമയമാറ്റം അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നതാണ്. ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു പകരം പൊതുപ്രചരണം നടത്തി മുതലെടുക്കാനുളള ശ്രമം സദുദ്ദേശപരമല്ല -വാർത്താകുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - PSC Exam on Friday: time will be rescheduled for Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.