തിരുവനന്തപുരം: സർവകലാശാലകൾ ഒഴിവുകൾ പൂഴ്ത്തിവെച്ചതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എൽ.ജി.എസ്) നിയമനത്തിനുള്ള മുഖ്യപട്ടികയിൽ ഉദ്യോഗാർഥികളെ വെട്ടിനിരത്തി പി.എസ്.സി. 48,513 പേർ മുഖ്യപരീക്ഷ എഴുതിയതിൽ കേവലം 1099 പേരെമാത്രമാണ് മുഖ്യപട്ടികയിൽ ഉൾപ്പെടുത്തിയത്. അടുത്ത മൂന്നുവർഷത്തിനിടെ 13 സർവകലാശാലകളിൽ കുറഞ്ഞത് 2000 ഒഴിവുകൾക്ക് സാധ്യത ഉണ്ടായിരിക്കെയാണ് സർവകലാശാല ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന കാരണം പറഞ്ഞ് മുഖ്യപട്ടികയിൽ വെട്ടിനിരത്തൽ നടന്നത്.
നേരത്തേ സർവകലാശാലകൾ നേരിട്ട് നടത്തിയ പരീക്ഷകളിലൂടെയായിരുന്നു അനധ്യാപക തസ്തികകളിലേക്ക് നിയമനം നടന്നത്. ഇത്തരം നിയമനങ്ങളിൽ സർവകലാശാല ഭരണസമിതിയുടെ രാഷ്ട്രീയ താൽപര്യങ്ങളും ബന്ധുബലവും അഴിമതിയും കടന്നുകൂടുന്നെന്ന് കണ്ടതിനെ തുടർന്നാണ് അനധ്യാപക നിയമനങ്ങൾ 2016ൽ പി.എസ്.സിക്ക് വിട്ടത്. ഇതോടെ എൽ.ജി.എസ് തസ്തികയിൽ താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചായിരുന്നു സർവകലാശാലകൾ പ്രവർത്തിച്ചത്.
2022ലാണ് പി.എസ്.സി ആദ്യമായി എൽ.ജി.എസ് തസ്തികയിലേക്ക് വിജ്ഞാപനം ഇറക്കിയത്. 2.23 ലക്ഷം ഉദ്യോഗാർഥികൾ പരീക്ഷ എഴുതി. ഏഴാം ക്ലാസ് അടിസ്ഥാന യോഗ്യതയായിട്ടും രണ്ടുഘട്ട പരീക്ഷയാണ് നടത്തിയത്. 2023ൽ അഞ്ച് ഘട്ടങ്ങളിലായി പ്രാഥമിക പരീക്ഷയും ഫെബ്രുവരിയിൽ മുഖ്യപരീക്ഷയും നടത്തി. മുഖ്യപട്ടികയിൽ 2500 പേരെയെങ്കിലും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർഥികൾ. എന്നാൽ, സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിലവിലെ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾ മടിച്ചതോടെ പി.എസ്.സിക്ക് മുന്നിലെത്തിയത് കേവലം 213 ഒഴിവുകൾ മാത്രം.
എട്ട് സർവകലാശാലകളാണ് പേരിനെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. കൂടുതൽ ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുള്ള കേരള സർവകലാശാല ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്തില്ല. കേരളക്ക് പിന്നാലെ കുസാറ്റ്, മലയാളം, സാങ്കേതികം, നിയമം (നുവാൽസിൽ) സർവകലാശാലകളും ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചില്ല. റിപ്പോർട്ട് ചെയ്ത ഒഴിവുകൾക്ക് അനുസൃതമായി സാധ്യതപട്ടികയും മുഖ്യപട്ടികയും തയാറാക്കുന്ന പി.എസ്.സിയാകട്ടെ നിജസ്ഥിതി മനസ്സിലാക്കി ഉദ്യോഗാർഥികൾക്ക് അനുകൂല നടപടി സ്വീകരിക്കുന്നതിനു പകരം വെട്ടിനിരത്തലിൽ ശ്രദ്ധകേന്ദ്രീകരിച്ചതും തിരിച്ചടിയായി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സർവകലാശാലകൾക്കെതിരെ ഗവർണറെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.