കാടിനെ സർവ നാശത്തിൽ എത്തിക്കുന്ന ഇന്നത്തെ ടൂറിസം വയനാടിന് ആപത്താണെന്ന് പി.ടി ജോൺ

കോഴിക്കോട് : കാടിനെ സർവ നാശത്തിൽ എത്തിക്കുന്ന ഇന്നത്തെ ടൂറിസം വയനാടിന് ആപത്താണെന്ന് സാമൂഹിക പ്രവർത്തകനായ പി.ടി ജോൺ. പാരിസ്ഥിതിക കാഴിചപ്പാടില്ലാതെ ടൂറസത്തിന്റെ പേരിൽ കോമാളിത്തരം കാണിക്കുകയാണ്. കാടിനെക്കുറിച്ച് ധാരണയില്ലാതെ ജനകൂട്ടം കാട്ടിലേക്ക് വന്നുകയറുകയാണ്. കാടിനെ സർവ നാശത്തിൽ എത്തിക്കുകയാണ് ഇന്നത്തെ ടൂറിസം. 50-100 രൂപ ഫീസ് അടച്ചാൽ കാട്ടിനുള്ളിൽ ആർക്കും പ്രവേശിക്കാം. ഇക്കാര്യത്തിൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്നറിയിപ്പുകൾ അവഗണിച്ചതാണ് വലിയ ദൂരന്തത്തിലേക്ക് നയിച്ചത്. മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തലേന്ന് വാർത്താചാനലുകൾ പുഞ്ചിരി മട്ടത്ത് പെയ്യുന്ന കനത്ത മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയുന്നു. വയനാട്ടിലെ വിവിധഭാഗങ്ങളുടെ മഴയുടെ തോത് രേഖപ്പെടുത്തിയ ചാർട്ട് ഹ്യും സെന്റർ ഫോർ ഇക്കളോജി ആന്റ് വൈൽഡ് ലൈഫ് ബയോളജി വയനാട് കലക്ടറേറ്റിൽ നൽകിയിരുന്നു. ഈ മുന്നറിയിപ്പുകളൊന്നും ദുരന്തനിവാരണ അതോറിറ്റിയോ ജില്ലാ ഭരണകൂടമോ രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിയമങ്ങളും ചട്ടങ്ങളുമൊന്നും പാലിക്കുന്നില്ല. അതെല്ലാം ലംഘിക്കാൻ കഴിയുന്ന തരിത്തിലാണ് സർക്കാർ സംവിധാനങ്ങൾ മുന്നോട്ട് പോകുന്നത്. ഭരണ സംവിധാനം ആകെ അഴിമതിയിൽ മുങ്ങി നൽക്കുകയാണ്. താൻ ജനിച്ചു വളർന്ന കുറിച്യർ മലയിലാണ് 2018 ൽ ഉരുൾപൊട്ടൽ ഉണ്ടായത്. അതിന് ശേഷം ശാസ്ത്രീയമായ പഠനങ്ങൾ നടത്തി. റിപ്പോർട്ടുകൾ സർക്കാരിന്റെ കൈവശം ഉണ്ട്. പരിസ്ഥിതി സംരക്ഷിക്കാൻ ഇനി പുതിയൊരു പഠന റിപ്പർട്ടിന്റെ ആവശ്യമില്ല.

മേൽമുറി, സുഗന്ധഗിരി പ്രദേശങ്ങൾ ബ്രിട്ടീഷുകാർ സംരക്ഷിച്ച പ്രദേശമാണ്. അടിമതുല്യം ജീവിക്കുന്ന ആദിവാസികളെ പിനരധിവാസിപ്പിക്കണമെന്നാണ് ടി.മാധവമേനോൻ റിപ്പോർട്ട് നൽകിയത്. ആധുനിക സമൂഹത്തിലെ മനുഷ്യനുള്ള സൗകര്യങ്ങൾ ആദിവാസി പുനരധിവാസത്തിന് വേണമെന്നാണ് മേനോൻ പറഞ്ഞത്. നീരുറവകളുടെ ഉൽഭകേന്ദ്രം എന്ന നിലയിലാണ് ബ്രിട്ടീഷുകാർ മലകൾ സംരക്ഷിച്ച സുഗന്ധഗിരിയാണ് സർക്കാർ പുനരധിവാസത്തിന് നൽകിയത്. ബ്രിട്ടീഷുകാർ മലമുകളിലേക്ക് കൃഷി വ്യാപിച്ചില്ല. ജനാധിപത്യ സർക്കാർ ഇക്കാര്യം പോലും ചെയ്തില്ല.

അച്യൂർ എസ്റ്റേറ്റിന് മുകളിലുള്ള 200 ഏക്കർ സ്ഥലവും ബ്രിട്ടീഷുകാർ സംരക്ഷിച്ചിരുന്നു. നിക്ഷിപ്ത വനഭൂമി നിയമം വന്നപ്പോൾ സ്വകാര്യ വ്യക്തി വിലക്കെടുത്ത് അവിടുത്തെ മരങ്ങളെല്ലാം മുറിച്ചു. അത് സേട്ടുകുന്നായി. 2018ൽ അവിടെ ഉരുൾപൊട്ടൽ ഉണ്ടായി. മരംമുറി നടക്കുന്ന കാലത്തൊന്നും ഉരുൾപൊട്ടൽ സംഭവിച്ചില്ല. വളരെക്കാലത്തിന് ശേഷമാവും ഉരുൾപൊട്ടുക. 20-25 വർഷം കഴിഞ്ഞാണ് ഇവിടെ ഉരുൾപൊട്ടിയത്.

മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത് പുഞ്ചിരിമട്ടത്താണ്. കാഞ്ഞിരപ്പള്ളിക്കാരനായ പുഞ്ചിരി ചാക്കോച്ചായൻ എന്നായാൾ ഏലത്തോട്ടം നിർമിച്ച സ്ഥാനത്തിനാണ് പുഞ്ചിരിമട്ടം എന്ന പേര് വന്നത്. നിരവധിപേർക്ക് ഇവിടെ ഏലത്തോട്ടം ഉണ്ടായിരുന്നു. 40 വർഷമായി ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണ് മുണ്ടക്കൈ. ഇവിടെ 600 എം.എം മഴ പെയ്തപ്പോഴെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിച്ച് നിർബന്ധപൂർവം ജനങ്ങളെ ഒഴിപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തുവെങ്കിൽ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാമായിരുന്നു.

മുണ്ടക്കൈ, ചൂരൽമല, പുത്തുമല എന്നിവ തുടരെത്തുടരെ ഉരുൾപൊട്ടലുണ്ടാവുന്ന പ്രദേശങ്ങളായിട്ടും 2024-ലും ടൂറിസ്റ്റ് റിസോർട്ടും ഹോംസ്റ്റേകളും പെരുകി. നിയന്ത്രണങ്ങളില്ലാതെ നിർമാണങ്ങൾക്കും മണ്ണിടിക്കാനും ത്രിതല പഞ്ചായത്തുകൾ അനുമതി നൽകി.

പരിസ്ഥിതി ദുർബല പ്രദേശത്ത് കർശന നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കേണ്ടതാണ്. അതിന് പകരം സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും റിയൽ എസ്റ്റേറ്റുകാരും സംഘടിതമായ വെട്ടിപ്പിടിക്കലാണ് നടത്തിയത്. ഇത് വയനാടിനെ നാശത്തിലേക്ക് നയിച്ചു. വയനാട്ടിലെ ചെങ്കുത്തായ മലഞ്ചെരിവുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിച്ച് മാറ്റിപ്പാർപ്പിക്കണമെന്ന് വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസിന്റെ പഠനറിപ്പോർട്ടിനും സോയിൽ കൺസർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ നിർദേശങ്ങൾക്കും മുമ്പിൽ ഭരണകൂടം കണ്ണടച്ചുവെന്ന് പി.ടി ജോൺ പറഞ്ഞു. 

Tags:    
News Summary - PT John said that today's tourism which destroys the forest is a danger to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.