വയനാട് പുനരധിവാസം: ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് ഉണ്ടാക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് ഉണ്ടാക്കണമെന്ന് പ്രതിപക്ഷം. വയനാട് പുനരധിവാസത്തെ കുറിച്ചും വിലങ്ങാട് പാക്കേജിനെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചര്‍ച്ച നടത്തി. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

വയനാട്ടിലെ ദുരന്തത്തിൽ ചില കുടുംബങ്ങളില്‍ കുട്ടികള്‍ മാത്രമേയുള്ളൂ. ചിലയിടങ്ങളില്‍ മുതിര്‍ന്നവര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. വരുമാനം ഉണ്ടാക്കുന്ന കുടുംബനാഥനെ നഷ്ടപ്പെട്ടവരുമുണ്ട്. അതുകൊണ്ട് ഓരോ കുടുംബത്തേയും പ്രത്യേകമായി പരിഗണിച്ച് മൈക്രോ ലെവല്‍ പാക്കേജ് നടപ്പാക്കണമെന്ന് നർദേശിച്ചു.

സാധാരണ നിലയില്‍ വീടും സ്ഥലവും കൊടുക്കുന്നതിന് പകരം കമ്മ്യൂണിറ്റി ലിവിങിന് സാധ്യമാകുന്ന തരത്തില്‍ ടൗണ്‍ഷിപ്പ് മാതൃക സ്വീകരിക്കണം. ഗ്രാമങ്ങളില്‍ നിന്ന് ചിതറി പോയവരെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം. കൃഷിക്കും സൗകര്യം നല്‍കണം. എല്ലാതരത്തിലുള്ള കടങ്ങളും എഴുതി തള്ളണം. കൃഷിനശിച്ചു, വാഹനങ്ങള്‍ തകര്‍ന്നു, വീടുകള്‍ ഒലിച്ചു പോയി. ഇതിനൊക്കെ എടുത്ത ലോണുകള്‍ ഇനി തിരിച്ചടയ്ക്കാന്‍ പറ്റില്ല. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവനല്‍കിയ വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ളവ എഴുതിത്തള്ളണം.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചേ മതിയാകൂ. പൂര്‍ണ്ണമായും ശാസ്ത്രീമയായ പരിശോധനയും പ്രോണ്‍ ഏരിയ മാപ്പിങും മുന്നറിയിപ്പ് സംവിധാനങ്ങളും കൊണ്ടുവരണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സ്ഥാപനങ്ങളും കാലാവസ്ഥാ വകുപ്പുകളും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണം. സമഗ്ര ഏകോപനത്തിന് സംവിധാനമുണ്ടാകണം. കേരളം അപകടത്തിലാണെന്ന് കണ്ടുകൊണ്ടുള്ള ദുരന്ത നിവരാണ സംവിധാനം കൊണ്ടുവരണം.

വിലങ്ങാട് മേഖലയില്‍ 24 ഉരുള്‍ പൊട്ടലുകളുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. നാല്‍പ്പതോളം ഉരുള്‍ പൊട്ടലുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായ ആഘാതമാണ് ഒരു ഗ്രാമത്തിലുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. നൂറ്റിഅന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. 350 ഹെക്ടര്‍ കൃഷിനശിച്ചു. 116 ഹെക്ടര്‍ സ്ഥലത്ത് ഇനി കൃഷി ചെയ്യാന്‍ സാധിക്കില്ല. 25 റോഡുകള്‍ തകര്‍ന്നു. ഏഴ് പാലങ്ങള്‍ ഇല്ലാതായി. കുടിവെള്ള പദ്ധതികള്‍ നിലച്ചു. വാണിമേല്‍ പഞ്ചായത്ത് തയ്യാറാക്കിയ നാശ നഷ്ടങ്ങളുടെ കണക്ക് മുഖ്യമന്ത്രിക്ക് നല്‍കി. വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. വികസന പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാക്കണം. നയ രൂപീകരണത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പ്രാധാന്യം നല്‍കണം. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നതും പരിഗണിക്കണമെന്നും പ്രതിപക്ഷം നിർദേശിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരുമായി സഹകരിച്ചത് പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വയനാട്ടില്‍ 100 വീടുകള്‍ രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - Wayanad resettlement: Opposition should make micro level package for every family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.