കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ ഷോപ്പിങ് കോംപ്ലക്സുകളുടെ മുന്നിലെ പാർക്കിങ് മേഖലയിൽ അനുമതിയില്ലാതെ പൊതുയോഗങ്ങളും ധർണകളും നടത്തരുതെന്ന് ഹൈകോടതി. ഈ മേഖലയെ അനധികൃത ഓട്ടോ സ്റ്റാൻഡുകളാക്കി മാറ്റരുതെന്നും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
പെരുമ്പാവൂർ നഗരസഭയുടെ യാത്രി നിവാസ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ വാടകക്കെടുത്തവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്. തങ്ങളുടെ ഷോപ്പുകളുടെ പാർക്കിങ് ഏരിയയിൽ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും പൊതുയോഗങ്ങൾ നടത്തുന്നതിനാൽ സ്ഥാപനത്തിലെത്തുന്നവർക്ക് പാർക്കിങ് സൗകര്യം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ഈ വിഷയത്തിൽ മുൻസിഫ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നെങ്കിലും നടപ്പാക്കുന്നില്ലെന്ന് ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പാർക്കിങ് ഏരിയയിൽ അനുമതിയില്ലാതെയാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്ന് നഗരസഭയും വിശദീകരിച്ചു. ഷോപ്പിങ് കോംപ്ലക്സുകൾക്ക് പാർക്കിങ് ഏരിയ വേണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്.
ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചശേഷം പാർക്കിങ് ഏരിയ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. പാർക്കിങ് മേഖല പൂർണമായും പൊതുസ്ഥലമായി വിലയിരുത്താനാവില്ല. ഹരജിക്കാരുടെ കെട്ടിടത്തിന്‍റെ പാർക്കിങ് മേഖലയിൽ അനധികൃത പൊതുയോഗങ്ങൾ നടത്തുന്നില്ലെന്നും ഓട്ടോ സ്റ്റാൻഡാക്കി മാറ്റുന്നില്ലെന്നും പൊലീസ് ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.