കൊച്ചി: സംസ്ഥാനത്തെ അഭിമാനമായ 131 പൊതുമേഖല സ്ഥാപനങ്ങളിൽ നഷ്ടത്തിലോടുന്നത് 59 എണ്ണം. മുമ്പ് ലാഭത്തിലായിരുന്ന ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും നഷ്ടത്തിൽനിന്ന് കരകയറിയതുമായ സ്ഥാപനങ്ങളുണ്ടെന്ന് 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 വർഷത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടം 4811.729 കോടിയാണ്. 2021-22ലെ കണക്കുപ്രകാരം 131ൽ 66 പൊതുമേഖല സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിങ്ങനെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങൾ കടുത്ത നഷ്ടത്തിലാണ്. മുൻ സാമ്പത്തിക വർഷം നഷ്ടത്തിലായിരുന്ന 12 സ്ഥാപനം 2022-23 വർഷം ലാഭത്തിലാകുകയും ചെയ്തു. ലാഭത്തിലായിരുന്ന 10 സ്ഥാപനങ്ങൾ 2022-23ൽ നഷ്ടത്തിലുമായി. 2021-22ൽ നഷ്ടത്തിലായിരുന്ന അഞ്ച് കമ്പനിയുടെ തുടർന്നുള്ള വർഷത്തെ കണക്കുകൾ ലഭ്യമായിട്ടുമില്ല.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് സംസ്ഥാന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. 2023-24 വർഷത്തെ വിവരങ്ങൾ വകുപ്പിൽ ലഭ്യമല്ലെന്നും മറുപടിയിലുണ്ട്. 2021-22ൽ 97.66 കോടി ലാഭമുണ്ടായിരുന്ന കെ.എസ്.ഇ.ബി 2022-23 ആയപ്പോൾ 1023.62 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ലിമിറ്റഡ് -350.87 കോടി, കേരള സ്റ്റേറ്റ് മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് -85.03 കോടി, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് -67.91 കോടി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് -64.72 കോടി, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ -50.18 കോടി എന്നിങ്ങനെ നീളുന്നു ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ പട്ടിക. മുൻ സാമ്പത്തിക വർഷം 226.75 കോടി ലാഭത്തിലായിരുന്ന മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡാണ് പിന്നീട് 85.03 കോടി എന്ന നിലയിൽ ലാഭത്തിലേക്ക് മാറിയത്. കെ.എസ്.ആർ.ടി.സിയിൽ 2010 കോടിയായിരുന്ന നഷ്ടം 1521.82 കോടിയായി കുറഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.