'പച്ച കലർന്ന ചുവപ്പി'ന് വാരികയുടെ ചുവപ്പുകൊടി; കെ.ടി ജലീലിന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം നിർത്തി

മുൻ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക അവസാനിപ്പിച്ചു. 'കെ.ടി ജലീല്‍ ജീവിതം എഴുതുന്നു' എന്ന ടാഗ് ലൈനോടെ 'പച്ച കലർന്ന ചുവപ്പ് (അര നൂറ്റാണ്ടിന്റെ കഥ)' എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നത്. ഈ ലക്കം പുറത്തിറിങ്ങിയ വാരികയിലാണ് നിര്‍ത്തുന്നതായി അറിയിപ്പുള്ളത്. 21 ലക്കം പിന്നിടുമ്പോഴാണ് ചില അവിചാരിത കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നു എന്ന് പത്രാധിപസമിതി അറിയിച്ചിരിക്കുന്നത്.

50 വർഷത്തെ ജീവിതം 60 ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുമെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും വാരികയിൽ പ്രസിദ്ധീകരിക്കാൻ എഡിറ്റർ സന്നദ്ധത അറിയിച്ചതോടെ അവർക്ക്‌ നൽകുകയായിരുന്നെന്നും പ്രസിദ്ധീകരണ പരസ്യസഹിതം പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്വർണക്കടത്ത് വിവാദം, ഇ.ഡി, എൻ.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരമ്പര, യു.എ.ഇ കോൺസുലേറ്റുമായുള്ള ബന്ധം, ലീഗ് രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങൾ, യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെയുള്ള അനുഭവങ്ങൾ, ലോകായുക്തയെ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിതം തേടിയുള്ള യാത്ര, അതിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ, ക്രൈസ്തവ-മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ സമീപ കാലത്ത് ഉയർന്നുവന്ന തെറ്റിദ്ധാരണകൾ, അതിനിരയാകേണ്ടി വന്ന ദുരനുഭവം, കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകൽച്ചയും, ജമാഅത്തെ ഇസ്‌ലാമി വിമർശനത്തിന്റെ പൊരുൾ, പിണറായിയുമായുള്ള ആത്മബന്ധം, ലീഗിലെ നേതാക്കളുമായും പ്രവർത്തകരുമായും തുടരുന്ന സൗഹൃദം, ലീഗിൽ നിന്നുള്ള പുറത്താക്കപ്പെടൽ, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, മന്ത്രിലബ്ധി, ബന്ധു നിയമന വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ തുടങ്ങിയവ വിഷയമാകുന്ന സത്യസന്ധമായ തുറന്നുപറച്ചിലാകും 'പച്ച കലർന്ന ചുവപ്പെ'ന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Publication of KT Jaleel's autobiography has been stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.