കൊച്ചി: സ്ഥാപനത്തിന്റെ അച്ചടക്കവും കുട്ടികളുടെ നന്മയും ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവില്ലെന്ന് ഹൈകോടതി. അതേസമയം, പെട്ടെന്നുണ്ടായ കോപത്തെ തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മർദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനോ അംഗീകരിക്കാനോ ആവില്ല.
സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാനാവൂ. മാർക്ക് കുറഞ്ഞതിന്റെ പേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിന്റെ ലംഘനമല്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പെരുമ്പാവൂർ തോട്ടുവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയ ഇംഗ്ലീഷ് അധ്യാപകൻ ജോമിക്കെതിരെ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
ഒരു ദുരുദ്ദേശ്യവുമില്ലാതെ അധ്യാപകൻ എന്ന നിലയിൽ മാത്രം കുട്ടിയെ ശിക്ഷിച്ചതിന്റെ പേരിൽ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ചിൽഡ്രൻസ് ഹോം, ഷെൽറ്റർ, സ്പെഷൽ ഹോം തുടങ്ങിയവയുടെ ഗണത്തിൽപെടുന്നതല്ല സ്കൂളുകളെന്നും തനിക്കെതിരെ ചുമത്തിയ വകുപ്പ് പ്രകാരം കേസെടുക്കാനാവില്ലെന്നുമുള്ള ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.