ആലപ്പുഴ: കമ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാലമത്രയും തമസ്കരിച്ച സമരനായകനെ പുന്നപ്ര-വയലാർ വിപ്ലവത്തിെൻറ 75ാം വർഷത്തിൽ അംഗീകരിച്ച് സി.പി.ഐയുടെ തെറ്റുതിരുത്തൽ. തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും സായുധ സമരത്തിെൻറ ക്യാപ്റ്റനുമായിരുന്ന കെ.വി. പത്രോസിനെയാണ് ഒടുവിൽ പാർട്ടി 'സഹയാത്രിക'നാക്കിയത്.
കയർ ഫാക്ടറി വർക്കേഴ്സ് യൂനിയെൻറ (എ.ഐ.ടി.യു.സി) ബാനറിൽ സി.പി.ഐയുടെ മുതിർന്ന നേതാക്കൾ ഉൾെപ്പടെ പങ്കെടുത്ത് സംഘടിപ്പിച്ച പുന്നപ്ര-വയലാർ രക്തസാക്ഷിദിനാചരണത്തിൽ പത്രോസിനും ഇടംനൽകിയായിരുന്നു പാർട്ടിയുടെ ചുവടുമാറ്റം. പ്രമുഖ സി.പി.ഐ നേതാക്കളടക്കം പങ്കെടുത്ത് പത്രോസിന് ആദരമൊരുക്കിയതിലൂടെ സി.പി.എം നിലപാടിന് വിരുദ്ധവുമായി നടപടി.
രൂപവത്കരണ വേളയിൽ യൂനിയൻ തലപ്പത്തുണ്ടായിരുന്ന പത്രോസിനെ പാർട്ടിവിരുദ്ധനായി ചിത്രീകരിച്ച് മാറ്റിനിർത്തുന്നതിനെതിരെ അടുത്തിടെ എ.ഐ.ടി.യു.സി യോഗത്തിൽ ഉയർന്ന വിമർശനം കണക്കിലെടുത്ത് പാർട്ടി നേതൃത്വത്തിെൻറ അനുവാദത്തോടെയായിരുന്നു രക്തസാക്ഷി പട്ടികയിൽ പത്രോസിനെയും ഇത്തവണ ഉൾപ്പെടുത്തിയത്.
ആക്ഷൻ കൗൺസിൽ നേതാക്കളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പത്രോസിെൻറ കുഴിമാടത്തിലും പുഷ്പാർച്ചനക്കെത്തുകയായിരുന്നു സി.പി.ഐ-എ.െഎ.ടി.യു.സി നേതാക്കൾ. വിപ്ലവ ചരിത്രത്തിൽനിന്ന് മാഞ്ഞുപോയ പാർട്ടി സെക്രട്ടറിയെയാണ് ഇതോടെ സി.പി.ഐ തിരികെ കൊണ്ടുവരുന്നത്.
കൊല്ലവർഷം 1122 തുലാം ഏഴുമുതൽ 10 വരെ (1946 ഒക്ടോ. 24-27) പുന്നപ്ര വയലാറിൽ നടന്ന പോരാട്ടത്തിൽ കെ.വി. പത്രോസ് (കുന്തക്കാരൻ പത്രോസ്) ആയിരുന്നു ക്യാപ്റ്റൻ. തിരു-കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെയും രണ്ടാമത്തെയും സെക്രട്ടറി. 'ഇനിയൊരു തൊഴിലാളിയെ തൊട്ടാൽ ആലപ്പുഴ ഒരറ്റം മുതൽ മേറ്റ അറ്റം വരെ കത്തിക്കു'മെന്ന് ദിവാന് അന്ത്യശാസനം നൽകിയ കേരള സ്റ്റാലിൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പത്രോസ് പിന്നീട് പാർട്ടിക്ക് അനഭിമതനാകുകയായിരുന്നു. ദിവാൻ ഭരണം അവസാനിപ്പിക്കണമെന്നതുൾെപ്പടെ 27 മുദ്രാവാക്യങ്ങൾ ഉയർത്തി 1122 ചിങ്ങം 30ന് ആരംഭിച്ച തൊഴിലാളി സമരത്തിന് പത്രോസിെൻറ നേതൃത്വത്തിൽ 17,000ത്തോളം യോദ്ധാക്കളാണ് സായുധരായത്. എന്നാൽ, തുലാം 10ഓടെ ഈ പോരാട്ടത്തെ ചോരയിൽ മുക്കിക്കൊന്നു. രാജ്യത്തൊട്ടാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിൽ ഈ ചോര വലിയ പങ്കുവഹിച്ചു. എന്നാൽ, പത്രോസിനെ കൽക്കത്ത തീസിസിെൻറ പേരിൽ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. വിപ്ലവ ചരിത്രത്തിൽനിന്നുതന്നെ അദ്ദേഹത്തെ മായ്ച്ചുകളയുന്നതിലാണ് ഇത് കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.