ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷിയായി 94കാരന്‍ തങ്കപ്പന്‍

ആലപ്പുഴ: സമരവീര്യത്തിന്‍െറയും പോരാട്ടത്തിന്‍െറയും വേദനയും ആവേശവും നിറഞ്ഞ കാലത്തിന് വൃദ്ധസേനാനികളുടെ മനസ്സുകളില്‍ ഇന്നും തിളക്കമാര്‍ന്ന ശോഭയാണ്. പുന്നപ്ര-വയലാര്‍ സമരം ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും സമരപുളകങ്ങള്‍ അവരെ ധീരയോദ്ധാവിന്‍െറ ഒൗന്നത്യത്തിലേക്ക് എത്തിക്കുന്നു. നാടിന്‍െറ മോചനത്തിന് ദിവാന്‍ ഭരണം കെട്ടുകെട്ടിക്കാന്‍ ഒരേ മനസ്സോടെ പൊരുതി ഒട്ടേറെപേര്‍ മരണം വരിച്ച സമരത്തില്‍ പങ്കെടുത്ത ഇന്ന് ജീവിച്ചിരിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.

1946 ഒക്ടോബര്‍ 23 മുതല്‍ 27വരെ നടന്ന സംഭവബഹുലമായ പോരാട്ടത്തില്‍ ആയിരങ്ങളാണ് വേദന അനുഭവിച്ച് കടന്നുപോയത്. അതില്‍ ഇന്നുള്ള ഏറ്റവും പ്രായംകൂടിയവരില്‍ ഒരാള്‍ കെ.വി. തങ്കപ്പനാണ്. 94 വയസ്സ് കഴിഞ്ഞ മുഹമ്മ പുത്തന്‍പറമ്പില്‍ കെ.വി. തങ്കപ്പന്‍ സമരത്തിലെ ഏഴാം പ്രതിയായിരുന്നു. കൊടിയ മര്‍ദനമാണ് പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമായി തങ്കപ്പന്‍ അനുഭവിച്ചത്. മുഹമ്മയില്‍ ഉണ്ടായിരുന്ന വില്യം ഗുഡേക്കര്‍ കമ്പനിയിലെ കയര്‍ തൊഴിലാളിയായിരുന്നു തങ്കപ്പന്‍. പുന്നപ്രയിലെ വെടിവെപ്പിനുശേഷം സി.പി. രാമസ്വാമിയുടെ പട്ടാളം മാരാരിക്കുളം വഴി വയലാറിലേക്ക് പോകുന്നത് തടയാനുള്ള തൊഴിലാളികളുടെ പ്രക്ഷോഭമാണ് മാരാരിക്കുളം വെടിവെപ്പില്‍ കലാശിച്ചത്.

ദരിദ്രപശ്ചാത്തലമാണ് തങ്കപ്പനെ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിലേക്ക് എത്തിച്ചത്. പി. കൃഷ്ണപിള്ളയുമായുള്ള ബന്ധവും തങ്കപ്പന്‍െറ സ്മരണകളില്‍ ഇന്നും ഉണ്ട്. മുഹമ്മ കണ്ണര്‍കാട് വീട്ടില്‍വെച്ച് കൃഷ്ണപിള്ളയെ പാമ്പ് കടിച്ചപ്പോള്‍ അദ്ദേഹത്തെ കട്ടിലില്‍ കിടത്തി ചുമന്ന് ആലപ്പുഴ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍ ഓഫിസില്‍ എത്തിച്ചതില്‍ ഒരാള്‍ തങ്കപ്പനായിരുന്നു. കൃഷ്ണപിള്ളയുടെ മരണത്തിനും സാക്ഷിയായി.

90 വയസ്സുവരെ പൊതുപ്രവര്‍ത്തനത്തില്‍ തങ്കപ്പന്‍ സജീവമായിരുന്നു. കാഴ്ചക്ക് മങ്ങലും അല്‍പം കേള്‍വിക്കുറവും ഉണ്ടെങ്കിലും വാരാചരണത്തിന്‍െറ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്നും തല്‍പരനാണ്. അനര്‍ഹമായ ഒന്നും സമരസേനാനി എന്ന നിലയില്‍ തങ്കപ്പന്‍ വാങ്ങിയിട്ടില്ല, കേന്ദ്ര പെന്‍ഷന്‍പോലും. പരേതയായ കുഞ്ഞുക്കുട്ടിയാണ് ഭാര്യ. ഏഴുമക്കളുണ്ട്.

 

Tags:    
News Summary - Punnapra Vayalar struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.