തിരുവനന്തപുരം: വേനൽകാലത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനിടയുള്ള സാഹചര്യത്തിൽ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ (എൻ.എൽ.സി) അധികൃതരുമായി ചർച്ച നടത്തി കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി പൊതുമേഖല കമ്പനികളിൽനിന്ന് കഴിയുന്നത്ര വാങ്ങാനുള്ള ശ്രമത്തിന്റെകൂടി ഭാഗമായിരുന്നു ചർച്ച. ആറ് പതിറ്റാണ്ടിലേറെയായി ഊർജ മേഖലയിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ.
രാജ്യത്തെ ലിഗ്നൈറ്റ് ഉൽപാദനത്തിലും താപ, പുനരുപയോഗ ഊർജ ഉൽപാദനത്തിലും ഗണ്യമായ പങ്ക് സംഭാവന ചെയ്യുന്ന എൻ.എൽ.സിയുമായുള്ള കരാറുകൾ സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് കെ.എസ്.ഇ.ബിക്കുള്ളത്. ചർച്ചയിൽ കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകർ, എൻ.എൽ.സി സി.എംഡി എം. പ്രസന്നകുമാർ, എൻ.എൽ.സി ഡയറക്ടർ (പവർ) എം. വെങ്കിടാചലം, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എം.പി. രാജൻ തുടങ്ങിയവരും പങ്കെടുത്തു.
നെയ്വേലിയിൽ 28 ദശലക്ഷം ടൺ പ്രതിവർഷം മൊത്തം സ്ഥാപിത ശേഷിയുള്ള മൂന്ന് ഓപൺകാസ്റ്റ് ലിഗ്നൈറ്റ് ഖനികൾ എൻ.എൽ.സിക്കുണ്ട്. ഇവിടെ 3390 മെഗാവാട്ട് ശേഷിയുള്ള നാല് ലിഗ്നൈറ്റ് അധിഷ്ഠിത പിറ്റ്-ഹെഡ് തെർമൽ പവർ സ്റ്റേഷനുകളും രാജസ്ഥാനിലെ ബാർസിംഗ്സറിൽ 250 മെഗാവാട്ട് ലിഗ്നൈറ്റ് അധിഷ്ഠിത തെർമൽ പവർ സ്റ്റേഷനും പ്രവർത്തിപ്പിക്കുന്നുണ്ട്.
ഒഡിഷയിലും ഖനി പ്രവർത്തിക്കുന്നു. 1000 മെഗാവാട്ട് കൽക്കരി അധിഷ്ഠിത താപവൈദ്യുതി നിലയവും അതിന്റെ അനുബന്ധ കമ്പനിയായി എൻ.എൽ.സി തമിഴ്നാട് പവർ ലിമിറ്റഡ് തൂത്തുക്കുടിയിലുമുണ്ട്. ഇതോടൊപ്പം തമിഴ്നാട്ടിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും വിവിധ ജില്ലകളിലായി 1380 മെഗാവാട്ട് സോളാർ പവർ പ്ലാൻറുകളും തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 51 മെഗാവാട്ട് വിൻഡ് പവർ പ്ലാൻറും എൻ.എൽ.സി നിയന്ത്രണത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
ഈ ഘടകങ്ങളെല്ലം കേരളത്തിന് മിതമായ നിരക്കിൽ വൈദ്യുതി എത്തിക്കാൻ സഹായകമാകുമെന്ന പ്രതീക്ഷയാണ് കെ.എസ്.ഇ.ബിക്കുള്ളത്. അദാനി, ടാറ്റ പോലുള്ള സ്വകാര്യ ഊർജ ഉൽപാദക കമ്പനികളുമായുള്ള കരാറുകളിൽ ചോദ്യങ്ങളുയുരുന്ന സാഹചര്യത്തിൽ പൊതുമേഖല സംരംഭങ്ങളുമായി കൂടുതൽ വൈദ്യുതി വാങ്ങൽ ധാരണയിലേക്കെത്താനാണ് ശ്രമം.
തിരുവനന്തപുരം: വൈദ്യുതി ഇന്ധന സർചാർജ് സംബന്ധിച്ച് പൊതുതെളിവെടുപ്പ് റെഗുലേറ്ററി കമീഷന്റെ വെള്ളയമ്പലത്തുള്ള ഓഫിസിലെ കോർട്ട് ഹാളിൽ ചൊവ്വാഴ്ച രാവിലെ 11ന് നടക്കും. പൊതുതെളിവെടുപ്പിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് വിഡിയോ കോൺഫറൻസിലൂടെയും പങ്കെടുക്കാം.
വിഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ തിങ്കളാഴ്ച പകൽ 12ന് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം.
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധിപ്പിച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂനിറ്റിന് 16 പൈസയുടെ വർധനയാണുണ്ടായത്. കേന്ദ്രത്തിന്റെ വൈദ്യുതി നയം സൃഷ്ടിക്കുന്ന അധിക ബാധ്യതയുടെ കണക്ക് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.
നിരക്ക് വർധിപ്പിക്കാതെയുള്ള പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്. വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.