കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. 53 വർഷം എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കുമോ എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ് അട്ടിമറി വിജയം നേടുമോയെന്ന ആകാംക്ഷയാണ് എങ്ങും. എല്ലാ സന്നാഹവും പുറത്തെടുത്ത് നടത്തിയ പ്രചാരണം 33,000ന് മുകളിലെന്ന മാജിക്കൽ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മനെ കൊണ്ടുപോകുമെന്ന് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുമ്പോൾ പുതിയ പുതുപ്പള്ളി എന്ന ആദർശത്തിലൂന്നിയുള്ള പ്രചാരണം ജെയ്ക്കിന് ചരിത്രജയം സമ്മാനിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
ഉമ്മൻ ചാണ്ടിയുടെ മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിലേക്ക് കടന്നത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ആ സഹതാപം ചാണ്ടി ഉമ്മന് വോട്ടായി വീഴുമെന്ന് അവർ കരുതുന്നു. എന്നാൽ, മൂന്നാം തവണ മൽസരിക്കുന്ന ജെയ്ക്കിനോടും വോട്ടർമാർക്ക് സഹതാപമുണ്ടെന്ന വിലയിരുത്തലിലാണ് സി.പി.എം. കുടിവെള്ളം, റോഡുകളുടെ വികസനമില്ലായ്മ ഉൾപ്പെടെ പുതുപ്പള്ളിക്കാരുടെ വിഷയങ്ങൾ ചർച്ചയായെന്നും രാഷ്ട്രീയ പോരാട്ടത്തിന് വേദിയായത് ഗുണമാകുമെന്നും അവർ കരുതുന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും ഭരണം എൽ.ഡി.എഫിനാണെന്നതും വോട്ട് വിഹിതം കൂടുതലാണെന്നതും എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.പുതുപ്പള്ളി, പാമ്പാടി, വാകത്താനം, അകലക്കുന്നം, മണർകാട്, കൂരോപ്പട, മീനടം, അയർകുന്നം എന്നിവയിൽ മീനടം, അയർകുന്നം പഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. 24 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി ചുവപ്പണിഞ്ഞത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് മണർകാട് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തതും. അതേ സാഹചര്യമാകും ഇത്തവണ പുതുപ്പള്ളിയിലുണ്ടാകുകയെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പിന്നാക്കം പോയ മണർകാട് ഉൾപ്പെടെ പഞ്ചായത്തുകളിൽ ഇക്കുറി ചാണ്ടി ഉമ്മന് വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നും അത് റെക്കോഡ് വിജയത്തിന് കാരണമാകുമെന്നുമാണ് അനുമാനം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20,000 ൽനിന്നും 11,694 വോട്ടിലേക്ക് കൂപ്പുകുത്തിയ ബി.ജെ.പി ലോക്സഭ തെരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തിൽ സ്ഥിതി മെച്ചപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ലൂക്ക് തോമസിലൂടെ മണ്ഡലത്തിൽ സ്വാധീനം സ്ഥാപിക്കാനായെന്ന വിലയിരുത്തലിലാണ് ആം ആദ്മി പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.