കോട്ടയം: പുതുപ്പള്ളിയിലെ പുതുമണവാളനായി ചാണ്ടി ഉമ്മൻ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് വിജയമാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് വിജയമാണ് അദ്ദേഹം സ്വന്തം പേരിലാക്കിയിരിക്കുന്നത്.
രാവിലെ 8.25ഓടെ വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വ്യക്തമായ ലീഡുമായാണ് ചാണ്ടി ഉമ്മൻ മുന്നേറിയത്. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നും ആദ്യ ഫലസൂചന വന്നപ്പോൾ തന്നെ ചിത്രം വ്യക്തമായിരുന്നു.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമായിരുന്നു പോളിങ്. ഏഴു സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ തന്നെ മതിയെന്ന് ഉറപ്പിച്ചിരിക്കുന്നു പുതുപ്പള്ളിയിലെ വോട്ടർമാർ.
വോട്ടെടുപ്പ് തീരുന്നതിന് മുമ്പ് വൻ ലീഡുയർത്തി വിജയം ഉറപ്പിച്ചതോടെ തന്നെ ചാണ്ടി ഉമ്മൻ പിതാവിന്‍റെ കബറിടത്തിലെത്തി. മുട്ടുകുത്തി കബറിടത്തിൽ ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. തുടർന്ന് പള്ളിയിലെത്തി പ്രാർത്ഥിച്ചു. ശേഷം മാതാവ് മറിയാമ്മ ഉമ്മനിൽനിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.