നിലമ്പൂർ: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നിലവിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം 2024ലെ തമാശയായിട്ടാണ് തോന്നുന്നതെന്ന് പി.വി. അൻവർ എം.എൽ.എ. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അജിത്കുമാറിനെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നേരത്തേ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ, സസ്പെൻഷനല്ല, പുറത്താക്കുകയാണ് വേണ്ടതെന്നാണ് ഇപ്പോഴത്തെ അഭിപ്രായം. കുപ്രസിദ്ധ കുറ്റവാളിയായ അജിത്കുമാർ പൊലീസ് വകുപ്പിന് പറ്റിയ ആളല്ല’ -അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
അജിത്കുമാറിന് ആർ.എസ്.എസുമായി നല്ല ബന്ധമുണ്ടെന്നത് പ്രപഞ്ചസത്യംപോലെ നാട്ടിലെ എല്ലാവർക്കും അറിയാം. തൃശൂർ പൂരം കലക്കിയതിനെക്കുറിച്ചാണ് താൻ അന്വേഷിക്കണമെന്ന് പറഞ്ഞത്. അത് കലക്കിയത് എ.ഡി.ജി.പിയാണെന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടത് സർക്കാറാണ്.
ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും പൂരം കലക്കിയതിൽ എ.ഡി.ജി.പിയുടെ പങ്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എന്താണ് ബോധ്യപ്പെടാത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നും അൻവർ പ്രതികരിച്ചു. പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ അന്വേഷണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ഹെഡ്മാസ്റ്ററെക്കുറിച്ചുള്ള കാര്യം അന്വേഷിക്കാൻ പ്യൂണിനെ ചുമതലപ്പെടുത്തി ഹെഡ്മാസ്റ്റർക്ക് റിപ്പോർട്ട് നൽകിയതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.