നിലമ്പൂർ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച വിഷയത്തിൽ ഇതുവരെ മൗനം പാലിച്ച പി.വി. അൻവർ എം.എൽ.എ പ്രതികരണവുമായി രംഗത്ത്. വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് അൻവർ കത്തെഴുതി.
അൻവർ അടക്കമുള്ള എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരും മന്ത്രിമാരു കലക്ടർ നിയമനത്തിൽ ഇതുവരെ പ്രതികരിക്കാതെ മൗനീബാബകളാണെന്ന് ആരോപിച്ച് കാന്തപുരം വിഭാഗം നേതാവ് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. 'ഞങ്ങളുടെ വോട്ടു ബലത്തിനു പുറത്താണ് നിങ്ങൾ മൗനീബാവകളായിരിക്കുന്നത്. നിങ്ങൾക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്' എന്നാണ് കാന്തപുരം വിഭാഗം നേതാവും എഴുത്തുകാരനുമായ ഒ.എം. തരുവണ താക്കീത് ചെയ്തത്. അൻവർ അടക്കമുള്ളവരുടെ ഫോട്ടോ സഹിതമായിരുന്നു ഇത്. ഇതിനുപിന്നാലെയാണ് അൻവർ, ജയരാജന് എഴുതിയ കത്തിന്റെ കോപ്പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
'ക്ഷേമം നേരുന്നു, ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്റെ ആലപ്പുഴ കലക്ടറായുള്ള പുതിയ നിയമനം പൊതു സമൂഹത്തിനിടയിൽ വ്യാപകമായ പരാതികൾക്ക് ഇടവരുത്തിയിട്ടുണ്ട്.
മത-ജാതി ഭേദമന്യേ ഈ വിഷയത്തിൽ എതിരഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി വ്യാപകമായി സർക്കാരിനെതിരെയുള്ള പ്രചരണായുധമായും ഈ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്.
ആയതിനാൽ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ വിഷയത്തിൽ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.