തിരുവനന്തപുരം: പൊലീസിലെ ‘ക്രമിനലുകൾ’ക്കെതിരെ എന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ തുടക്കമിട്ട വിവാദം, സ്വന്തം പാർട്ടിയുടെ അടിസ്ഥാനരാഷ്ട്രീയം ചോദ്യംചെയ്യുന്ന നിലയിലേക്ക് വളരുന്നു. സ്വർണക്കടത്ത് ഉൾപ്പെടെ മാഫിയ പ്രവർത്തനങ്ങൾ ആരോപിച്ച് അൻവർ പ്രതിസ്ഥാനത്തുനിർത്തിയ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പക്ഷേ, ശരിക്കും വെട്ടിലായത് ആർ.എസ്.എസ് നേതൃസന്ദർശനങ്ങൾ പുറത്തുവന്നതോടെയാണ്.
തൃശൂർപൂരം കലക്കുന്നതിലടക്കം ഇടപെട്ടെന്ന് ആരോപിച്ച് എ.ഡി.ജി.പിയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ സന്ദർഭത്തിലാണ് ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷം പുറത്തുവിട്ടത്. തെറ്റെങ്കിൽ നിഷേധിക്കാൻ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല.
കൂടിക്കാഴ്ച എ.ഡി.ജി.പി സമ്മതിക്കുക കൂടി ചെയ്തതോടെ സി.പി.എമ്മും സർക്കാറും വെട്ടിലായി. പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കുംവിധം പ്രഹരശേഷി സമ്മാനിച്ചത് എ.ഡി.ജി.പിക്കെതിരെ അൻവർ ഉയർത്തിയ ആക്ഷേപങ്ങളാണ്. മറ്റൊരു ആർ.എസ്.എസ് നേതാവ് രാംമാധവുമായും എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതോടെ വിവാദം പൂർണമായും എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതൃ സന്ദർശനയാത്രകളിൽ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ, സംസ്ഥാന പൊലീസിലെ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി എന്തിന് ആർ.എസ്.എസ് നേതൃത്വത്തെ തുടർച്ചയായി രഹസ്യമായി കാണുന്നെന്ന ചോദ്യം സി.പി.എമ്മിനെ വല്ലാതെ പൊള്ളിക്കുന്നുണ്ട്.
കമ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര എതിരാളികളാണ് ആർ.എസ്.എസ്. അവരുടെ നേതൃത്വവുമായി ഉന്നതതല രഹസ്യബന്ധം സൂക്ഷിക്കുന്ന എ.ഡി.ജി.പിയെ ക്രമസമാധാന ചുതലയിൽനിന്ന് മാറ്റാൻപോലും മുഖ്യമന്ത്രി പിണറായി വിജയൻ തയാറായിട്ടില്ല. ഈ ഘട്ടത്തിലും എം.ആർ. അജിത്കുമാറിന് മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതൃസന്ദർശനങ്ങൾ മുഖ്യമന്ത്രിയുടെ ദൂതുമായാണ് എന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകരുന്നു. തൃശൂരിലെ ബി.ജെ.പി ജയത്തിൽ തൃശൂർപൂരം കലക്കിയതിന്റെ സ്വാധീനവും പൊലീസ് നിയന്ത്രണം കടുപ്പിച്ച് പൂരം കലക്കിയതിന് പിന്നിൽ എം.ആർ. അജിത്കുമാറാണ് എന്ന ആരോപണവും ഇതോടൊപ്പമുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലുള്ള പിണറായി വിജയനും കേരളത്തിൽ തെരഞ്ഞെടുപ്പ് ജയത്തിന് സാധ്യതകളെല്ലാം നോക്കുന്ന ആർ.എസ്.എസും തമ്മിലുള്ള അന്തർധാരയിലെ പ്രധാന കണ്ണിയാണ് എം.ആർ. അജിത്കുമാർ എന്നനിലയിലേക്കാണ് വിവാദം എത്തിനിൽക്കുന്നത്.
ഇതുസംബന്ധിച്ച ചോദ്യങ്ങൾ എ.ഡി.ജി.പി - ആർ.എസ്.എസ് നേതാവിനെ കണ്ടെങ്കിൽ പാർട്ടിക്ക് എന്തായെന്ന മറുചോദ്യംകൊണ്ട് തടയാനാണ് സെക്രട്ടറി എം.വി. ഗോവിന്ദൻ ശ്രമിച്ചത്. മുഖ്യമന്ത്രി പതിവ് മൗനത്തിലുമാണ്. വിവാദം ഈ നിലയിൽ തുടരുന്നത് പോരാട്ടങ്ങളിലൂടെ കേരള മണ്ണിൽ ചുവടുറപ്പിച്ച കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെയാണ് ദുർബലപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.