സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കിൽ ഇടപെടുമെന്ന് പി.വി. അൻവർ; ‘സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങി’

തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങിയതായി പി.വി. അൻവർ എം.എൽ.എ. സ്വർണം ഒരുക്കുന്ന ഉണ്ണി എന്ന സ്വർണപ്പണിക്കാരൻ സാധനം എടുത്തുമാറ്റി. അതിന്‍റെ വിഡിയോ തന്‍റെ കൈവശമുണ്ട്. സ്വർണപ്പണിക്കാരനെ പിടിച്ചാൽ കാര്യങ്ങൾ അറിയാം. എന്നാൽ, തെളിവ് നശിപ്പിക്കുകയാണ്. സ്വർണം കൊണ്ടുവന്ന പലരുടെയും വീടുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി ഡാൻസാഫിന്‍റെ ആളുകൾ ബന്ധപ്പെടുന്നുണ്ട്. ഇതിനാണ് എസ്.പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കിൽ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരും. ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അതിന് മുമ്പിൽ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താൻ ആരെയെങ്കിലും ശ്രമിച്ചാൽ പബ്ലിക്കായി താൻ ചോദിക്കും. മലപ്പുറം മരംമുറിക്കേസും പൊലീസ് അട്ടിമറിക്കാൻ ആരംഭിച്ചതായും അൻവർ വ്യക്തമാക്കി.

എ.ഡി.ജി.പി അജിത് കുമാർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പി.വി. അൻവർ കൈമാറി. കാര്യങ്ങൾ എം.വി. ഗോവിന്ദൻ വിശദമായി ചോദിച്ചു. ആവശ്യമായ വിശദീകരണം നൽകിയെന്നും തുടർനടപടികൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും അൻവർ പറഞ്ഞു.

താൻ ഉയർത്തിയ രണ്ട് വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുൻപിൽ തുടർന്നും ഉണ്ടാകും. എ.ഡി.ജി.പിയെ പദവിയിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും സർക്കാറിനും പാർട്ടിക്കും മുമ്പിലാണ് താൻ പരാതി നൽകിയത്. ജനങ്ങളുടെ മുമ്പിലാണ് കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്.

മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. നീതിപൂർവമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും താൻ വിശ്വസിക്കുന്നു. ഇടത് സർക്കാർ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾ കേരളത്തിലുണ്ട്. ഇടത് സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങളുടെ വികാരമാണ് താൻ പറഞ്ഞതെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - PV Anvar said that the move to sabotage the investigation of gold smuggling has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.