കുത്തിയിരിപ്പ് സമരവുമായി പി.വി. അൻവർ

മലപ്പുറം: മലപ്പുറം എസ്.പി എസ്. ശശിധരന്‍റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി.വി അന്‍വര്‍ എം.എല്‍.എ. എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്.പിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി.വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.


പൊലീസ് സ്റ്റേഷൻ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്‍റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാൻ നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‍.പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്. പാവങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂര്‍വം തടസപ്പെടുത്തുകയാണെന്നാണ് എം.എല്‍എയുടെ ആരോപണം.

വ്യാഴാഴ്ച എസ്‍പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ പി.വി അന്‍വറിനെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് പ്രതിഷേധവുമായി അദ്ദേഹം എത്തിയത്.


ലൈഫ് പദ്ധതി അട്ടിമറിച്ചു, വാര്‍ത്ത ചോര്‍ത്തി, മരം മുറിച്ചു എന്നിങ്ങനെ വിവിധ വിഷയങ്ങളിലായാണ് പ്രതിഷേധമെന്ന് പി.വി അന്‍വര്‍ പറഞ്ഞു. വ്യാഴാഴ്ച മരം മുറിച്ചിട്ടുണ്ടോയെന്ന് നോക്കാനാണ് ഇന്നലെ എത്തിയത്. എന്നാല്‍, അതിന് അനുവദിച്ചില്ല. അപ്പോള്‍ ഇങ്ങനെ സമരം നടത്താതെ വെറെ വഴിയില്ലെന്നും പി.വി അന്‍വര്‍ എം.എല്‍എ പറഞ്ഞു. സമരം 12.30 വരെ തുടരുമെന്നും ഉദ്യോഗസ്ഥർക്കെതിരെ ഇനി പരാതി നൽകാനില്ലെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - PV Anvar strike against Malappuram SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.