പി.വി അൻവറിന്‍റെ കൈവശമുള്ള മിച്ചഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്ന് ഹൈകോടതി; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്ന് ഹൈകോടതി നിർദേശം. അൻവറിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കുന്നതിൽ സാവകാശം വേണമെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കോടതി തള്ളി.

ഭൂമി തിരിച്ചു പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു. കൂടാതെ, അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.

അഞ്ച് മാസത്തിനകം മിച്ചഭൂമി തിരിച്ചു പിടിക്കാൻ 2017ലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈകോടതി വീണ്ടും നിർദേശം നൽകിയത്.

അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിൽ പൂർത്തിയാക്കണമെന്ന് 2021 ഡിസംബറിൽ ഹൈകോടതി നിർദേശിച്ചിരുന്നു. കൂടുതല്‍ സാവകാശം തേടി താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയായിരുന്നു കോടതി അന്ന് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ, 2022 ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അധികഭൂമി ആറു മാസത്തിനകം തിരിച്ചു പിടിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ല വിവരാവാകാശ കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി സമർപ്പിച്ച കോടതി അലക്ഷ്യ ഹരജിയിലായിരുന്നു നടപടി.

മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - PV Anvar's remaining land should be recovered immediately by the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.