കോട്ടയം: കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. എസ്.പി ആർ. സുകേശനെ കെ.എസ്.ആർ.ടി.സി വിജിലൻസ് ഡയറക്ടറാക്കുന്നതിനെതിരെ കേരള കോൺഗ്രസ് മാണി ഗ്രൂപ് വൻ പ്രതിഷേധത്തിൽ.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് മാണിയെയും പാർട്ടിയെയും ഏറ്റവും കൂടുതൽ അപഹാസ്യനാക്കിയ ഉദ്യോഗസ്ഥന് വിരമിച്ച ശേഷവും വലിയ പരിഗണന നൽകുന്നതാണ് പ്രവർത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്.
ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായിട്ടും ഇത്തരം നീക്കങ്ങൾ തടയാൻ കഴിയാത്തത് മാണി ഗ്രൂപ്പിനുള്ളിൽ നേതാക്കൾക്ക് എതിരായ പ്രതിഷേധത്തിനും കാരണമായി.
ബാർ കോഴക്കേസ് എങ്ങുമെത്താതെ അവസാനിച്ചെങ്കിലും പാർട്ടിക്ക് അതുണ്ടാക്കിയ മാനക്കേട് വളരെ വലുതാണെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്. കോഴ ആരോപണമുന്നയിച്ച ബിജു രമേശ്, അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് എന്നിവരൊക്കെ പാർട്ടിക്ക് അനഭിമതരാണ്. എന്നാൽ, മാണിയുടെ വസതിയിലേക്ക് പൊലീസിനെ നിയോഗിച്ച സുകേശനെതിരെ വിരമിച്ചശേഷം പോലും നടപടിയെടുക്കാൻ കഴിയാത്തവണ്ണം മാണി വിഭാഗം ദുർബലമായോ എന്നതാണ് പ്രവർത്തകരുടെ സംശയം. മാണിക്കെതിരെ നിലപാടെടുത്തിരുന്ന ആന്റണി രാജുവാണ് ഗതാഗത മന്ത്രിയെന്നതും അവരെ ചൊടിപ്പിക്കുന്നു.
കെ.എസ്.ആർ.ടി.സി വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കേണ്ട കാര്യമെന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.