പേവിഷ മരണങ്ങൾ: വാക്സിൻ ഫലപ്രാപ്തിയിൽ ആശങ്ക; നടപടി ഇഴയുന്നു

തിരുവനന്തപുരം: വാക്‌സിൻ ഫലപ്രാപ്തിയുൾപ്പെടെ ആശങ്കയിലായിരിക്കെ, പേവിഷബാധ മരണങ്ങൾ കുറക്കാനുള്ള നടപടികൾ ഇനിയുമകലെ. എട്ട് മാസത്തിനിടെ പേവിഷബാധ കാരണം സംസ്ഥാനത്ത് മരിച്ചത് 19 പേർ. മരിച്ചവരിൽ 15 പേർ വാക്സിൻ എടുക്കാത്തവരാണ്. ബാക്കി നാലുപേർ വാക്‌‌സിനെടുത്തെങ്കിലും മുറിവുകൾ നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളിലായിരുന്നു. ഈ ഭാഗങ്ങളിൽ കടിയേറ്റാൽ അതിവേഗം വിഷം തലച്ചോറിലെത്തുമെന്നതിനാൽ വാക്‌സിനെടുത്താലും വേണ്ടത്ര ഫലമുണ്ടായേക്കില്ല.

അതേസമയം, സംസ്ഥാനത്ത് നായ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണത്തിലുണ്ടായ വർധന ആശങ്കജനകമാണ്. പൂച്ചയുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. ഈ വർഷം ജൂൺവരെ 3.49 ലക്ഷം പേരാണ് നായ, പൂച്ച എന്നിവയുടെ കടിയേറ്റ് കുത്തിവെപ്പിനെത്തിയത്. ഇതിൽ 1.47 ലക്ഷം പേർ നായ കടിക്കും 2.19 ലക്ഷം പേർ പൂച്ച കടിച്ചതിനുമാണ് ചികിത്സതേടിയത്.

കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കനുസരിച്ച് നായകടി കേസുകളുടെ എണ്ണം സംസ്ഥാനത്ത് മൂന്നിരട്ടി വർധിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2030 ഓടെ പേവിഷമുക്തമാക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പ് ഇതിനായി ചെലവിടുന്ന തുക എന്തിന് വിനിയോഗിക്കുന്നെന്ന ചോദ്യം പ്രസക്തമാണ്. പേവിഷബാധക്കെതിരെ ബോധവത്കരണം നടത്തുന്നെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും നായ കടിയേൽക്കുന്നവർ എന്തുകൊണ്ട് വാക്സിനെടുക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പേവിഷമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല.  

മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് കർമപദ്ധതി

തിരുവനന്തപുരം: നായ, പൂച്ച എന്നിവയുടെ കടിയേൽക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കർമപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമാക്കും. വാക്‌സിനേഷനും നടത്തും. വളർത്തുനായ്ക്കളുടെ വാക്‌സിനേഷനും ലൈസന്‍സും ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്റർ സ്ഥാപിക്കും. ബോധവത്കരണം ശക്തമാക്കും. പ്രധാന ആശുപത്രികളിൽ വാക്‌സിന്‍ ഉറപ്പുവരുത്താനും തീരുമാനിച്ചു.

Tags:    
News Summary - Rabies deaths: concern over vaccine efficacy; The action drags on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.