പേവിഷ വാക്സിൻ; ജനങ്ങളെ കൊലക്ക് കൊടുക്കരുത്, മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ പുറത്താക്കണം -കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്സീൻ എടുത്ത ശേഷം നിരവധിപേർക്കാണ് വിഷബാധയേറ്റത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ മാസം എട്ടുപേരാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട പെരുനാട്‌ 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദാഹരണമാണ്. വാക്സിൻ എടുത്ത ശേഷം ആളുകൾ മരിക്കുന്നത് ഗൗരവതരമാണ്.

കേരളത്തിൽ ഉപയോഗിക്കുന്ന പേ വിഷ വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വാക്സിന്റെ വിശ്വാസ്യതയെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗം നടത്തിയാൽ മാത്രം പോര. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇടപെടേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞു. ആരോഗ്യമന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

അഭിരാമി മരിച്ച സംഭവത്തിൽ കുടുംബം ചികിത്സാ പിഴവ് ആരോപിച്ചിരിക്കുകയാണ്. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചത്. സർക്കാർ ആശുപത്രികളിൽ എന്ത് പരിമിതിയാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - rabies vaccine; People should not be killed- K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.