തിരുവനന്തപുരം: കന്യാകുമാരി മുതൽ കശ്മീർവരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയായി. ബുധനാഴ്ച രാവിലെ നാവായിക്കുളത്ത് നിന്ന് തുടങ്ങിയ പദയാത്ര ആറ് കിലോമീറ്ററോളം പിന്നിട്ട് കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പാരിപ്പള്ളിയിലെത്തി. മുക്കടയിൽ കൊല്ലം ജില്ല നേതാക്കൾ വരവേറ്റു.
ബുധനാഴ്ച രാവിലെ യാത്രതുടങ്ങുംമുമ്പ് നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചു. രാവിലെ ആറരയോടെ ശിവഗിരിയിലെത്തിയ അദ്ദേഹം ശ്രീനാരായണഗുരു സമാധിയിലും ശാരദാമഠത്തിലും പ്രാർഥന നടത്തി. തുടർന്ന് സ്വാമിമാരുമായി കൂടിക്കാഴ്ചയും നടത്തി. ഇതാദ്യമായി ശിവഗിരി സന്ദർശിച്ച രാഹുലിന് ഊഷ്മള സ്വീകരണം ഒരുക്കിയ സ്വാമിമാർ, ഗുരുവിന്‍റെ പുസ്തകങ്ങളും സമ്മാനിച്ചു.
ക്ഷണിക്കപ്പെടാതെ തന്നെ രാഹുൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു. നേരത്തെ, പല ഘട്ടത്തിലും രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്. തിരക്കുകള്‍ കാരണം എത്താന്‍ കഴിഞ്ഞില്ല. ശിവഗിരി മഠത്തില്‍ നരേന്ദ്ര മോദിയെന്നോ രാഹുല്‍ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണ്. രാഹുലുമായി രാഷ്ട്രീയം സംസാരിച്ചില്ല.
എന്നാല്‍, ശ്രീനാരായണീയരുടെ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറവാണെന്നും 28 ശതമാനം ശ്രീനാരായണീയര്‍ ഉണ്ടായിട്ടും സമുദായത്തിൽനിന്ന് കോൺഗ്രസിന് ഒരു എം.എല്‍.എ മാത്രമാണുള്ളതെന്ന അതൃപ്തി രാഹുലിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്‍റെ ശിവഗിരി സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലേതുപോലെ നേതാക്കൾ ഉൾപ്പെടെ സഹയാത്രികർക്ക് ആവേശം പകർന്നും പാതയോരങ്ങളിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുമായിരുന്നു രാഹുലിന്‍റെ യാത്ര. മുക്കടയിൽ ജില്ലയിലെ പര്യടനം അവസാനിക്കുമ്പോൾ ഒപ്പം യാത്രചെയ്ത ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ കൈപിടിച്ച് സംഘാടക മികവിനുള്ള അഭിനന്ദനം രാഹുൽ ഗാന്ധി അറിയിച്ചു. മൂന്ന് പകലും മൂന്ന് രാത്രിയും കടന്ന് ബുധനാഴ്ച രാവിലെ അവസാനിച്ച ജില്ലയിലെ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. വരും ദിവസങ്ങളിൽ പദയാത്ര കൊല്ലം ജില്ലയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.