ആവേശമായി രാഹുൽ; ഇളകിമറിഞ്ഞ്​ മലയോരനാട്​

പത്തനംതിട്ട: റോഡിനിരുവശവും തിങ്ങിനിറഞ്ഞ ജനക്കൂട്ടം. അവർക്കിടയിലൂടെ തുറന്ന കാറിൽ കൈവീശി രാഹുൽ ഗാന്ധി. ചിലർക്ക്​ ആവേശം, ചിലർക്ക്​ കൗതുകം. ആർത്തുവിളിച്ചും കൈവീശിയും അഭിവാദ്യം ചെയ്​ത്​ അവർ പ്രിയ നേതാവിനെ വരവേറ്റു. ചുട്ടുപൊള്ളുന്ന വെയിൽ കാത്തുനിന്നവരെ തളർത്തിയില്ല. പൊരിവെയിലിനെ കൂസാതെ തുറന്ന കാറിൽ​ രാഹുൽ എല്ലാവരെയും അഭിവാദ്യം ചെയ്​ത്​ യാത്ര തുടർന്നു. പ്രമാടം മുതൽ കാഞ്ഞിരപ്പള്ളിവരെ നീണ്ട റോഡ്​ഷോയിൽ മലയോരനാട്​ ആവേശക്കൊടുമുടിയേറി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ ശനിയാഴ്ചത്തെ റോഡ് ഷോ.

കോന്നി, ആറന്മുള, റാന്നി മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ നടന്നത്. ശനിയാഴ്ച രാവിലെ 11.20ന് പ്രമാടത്ത് രാജീവ് ഗാന്ധി ഇൻഡോർ സ്​റ്റേഡിയത്തിൽ ഹെലികോപ്ടറിൽ വന്നിറങ്ങി. ഹെലികോപ്ടർ ലാൻഡിങ്ങിന് തയാറെടുക്കവെ തന്നെ മുദ്രാവാക്യം വിളികളും ഹർഷാരവും ഉയർന്നു. സ്വീകരിക്കാൻ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം എത്തിയിരുന്നു. എ.ഐ.സി.സി നിരീക്ഷകരായ ഐവാൻ ഡിസൂസ, ഡോ. അഞ്ജലി നിമ്പാൽക്കർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ്, ആ​േൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.പി, പ്രഫ. പി.ജെ. കുര്യൻ, പഴകുളം മധു, സ്ഥാനാർഥി റോബിൻ പീറ്റർ, എ. സുരേഷ് കുമാർ, എസ്. സന്തോഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. രാഹുലി​െൻറ ചിത്രമുള്ള പ്ലക്കാർഡുകളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിനിരുവശവും നിരന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.


സ്വീകരണശേഷം റോഡ് ഷോക്കായി വാഹനത്തിലേക്ക് കയറി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാഹുലി​െൻറ വാഹനം ആനക്കൂട് റോഡിലേക്ക് പ്രവേശിച്ചതോടെ ഇരുവശവും കാത്തുനിന്ന ജനങ്ങൾ കൈവീശി അഭിവാദ്യം ചെയ്തു. രാഹുലി​െൻറ ഛായാചിത്രവുമായി ഇളകൊള്ളൂരിനടുത്ത്​ തെങ്ങുംകാവിൽ കാത്തുനിന്ന യുവാക്കളെ കണ്ട രാഹുൽ വണ്ടി നിർത്തി ഇറങ്ങി ചിത്രം ഏറ്റുവാങ്ങി. യുവാക്കളെയും അവർക്കൊപ്പം നിന്നവരെയും അഭിനന്ദിച്ചു. ഇടക്ക്​ വാഹനത്തി​െൻറ വേഗം കുറച്ചപ്പോൾ റോഡരികിൽനിന്നവർ ഓടിയെത്തി. ചിലർ പുഷ്പങ്ങൾ സമ്മാനിച്ചു. പ്രായമായവരും രാഹുലിനെ കാണാൻ കാത്തുനിന്നിരുന്നു. വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ ബൊക്കെയും ഷാളുമൊക്കെ വാങ്ങി. ചിലർ രാഹുലിനെ ഷാൾ അണിയിക്കുകയും ചെയ്തു. ഓരോ പ്രധാന കേന്ദ്രങ്ങളിലും ജനാവലി കാത്തുനിൽപുണ്ടായിരുന്നു. പുഷ്പങ്ങൾ വിതറിയാണ് അവർ വരവേറ്റത്.

കോന്നി ടൗണിൽ വൻ ജനാവലിയാണ്​ സ്വീകരിച്ചത്. 10 മിനിറ്റ്​ പ്രസംഗിച്ചു. കെ.സി. വേണുഗോപാൽ പരിഭാഷപ്പെടുത്തി. ഓരോ പദ്ധതിയും വിവരിക്കു​േമ്പാൾ കൈയടിയും മുദ്രാവാക്യം വിളിയും ഉയർന്നു. തുടർന്ന്​ അട്ടച്ചാക്കൽ, വെട്ടൂർ വഴി കുമ്പഴക്ക്. കുമ്പഴ നെടുമാനാൽ ജങ്​ഷനിൽനിന്ന്​ ആറന്മുള മണ്ഡലത്തിലേക്ക് റോഡ് ഷോ പ്രവേശിച്ചു. യു.ഡി.എഫ് സ്ഥാനാർഥി കെ. ശിവദാസൻ നായർക്കൊപ്പം നൂറുകണക്കിന് ബൈക്കുകളിൽ പ്രവർത്തകർ എത്തിയിരുന്നു. കുമ്പഴ ജങ്​ഷനിലും ജനക്കൂട്ടം കാത്തുനിന്നു. വാഹനത്തിൽ മുകളിൽനിന്ന് രാഹുലും കെ. ശിവദാസൻ നായരും പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പത്തനംതിട്ട കുലശേഖരപതി, അബാൻ ജങ്​ഷൻ വഴി സെൻട്രൽ ജങ്​ഷനിൽ ഒരുമണിയോടെ റോഡ് ഷോ എത്തുമ്പോൾ ജനനിബിഡമായിരുന്നു.


ഇതിനുശേഷം പോസ്​റ്റ്​ ഓഫിസ് റോഡ്, സെൻട്രൽ ജങ്​ഷൻ, റിങ്​ റോഡ് വഴി സെൻറ്​ പീറ്റേഴ്‌സ് ജങ്​ഷനിൽ എത്തിയപ്പോൾ നൂറുകണക്കിനാളുകൾ കാത്ത് നിൽപുണ്ടായിരുന്നു. വാഹനം നിർത്തി എല്ലാവരെയും അഭിവാദ്യം ചെയ്ത് റാന്നി മണ്ഡലത്തിലേക്ക്. കോന്നി മണ്ഡലത്തിൽ ഉൾപ്പെടുന്ന മൈലപ്രയിൽ റോബിൻ പീറ്ററും പഞ്ചായത്ത് പരിധിവരെ അനുഗമിച്ചു. പിന്നീട് റാന്നി മണ്ഡലത്തിലേക്ക്​ പ്രവേശിക്കുന്ന ഉതിമൂട്ടിൽ ഗംഭീര സ്വീകരണം. മന്ദിരം പടിക്കൽ ഒരു വീടിന്​ മുന്നിൽ ഏതാനും കൊച്ചുകുട്ടികൾ വാദ്യമേളങ്ങളും കൊടികളുമായി നിൽക്കുന്നതുകണ്ട് വാഹനം നിർത്തി അവരെ അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചു. ഉച്ചക്ക് രണ്ടോടെയാണ്​ റോഡ്​ഷോ റാന്നിയിൽ എത്തിയത്​.

റാന്നി: യു.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാ​െൻറ പ്രചാരണത്തിന്​ എത്തിയ രാഹുലിനെ കാണാൻ റാന്നി കണ്ടതിൽവെച്ച് ഏറ്റവും വലിയ ജനസാഗരമാണ്​ വന്നുനിറഞ്ഞത്​. രാഹുൽ വരുന്നതിന് മണിക്കൂറുകൾക്കു മുമ്പേ നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് റാലിയും പ്രകടനവും നടത്തി ആവേശം നിറച്ചിരുന്നു. ഉതിമൂട്ടിൽനിന്ന് സ്ഥാനാർഥി റിങ്കു ചെറിയാന് ഒപ്പം രാഹുലും വാഹനത്തിൽ ജനക്കൂട്ടത്തിന് നടുവിലൂടെ മുന്നാട്ട് നീങ്ങി. ഇട്ടിയപാറ സ്​റ്റാൻഡിൽ പ്രസംഗിച്ചു. പ്ലാച്ചേരിയിൽ പര്യടനം അവസാനിപ്പിച്ച്​ അദ്ദേഹം എരുമേലിയിലക്ക്​ തിരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.