'കേരളത്തിൽ കോൺഗ്രസിനുള്ളത് ഒരു ശ്രീനാരായണീയ എം.എല്‍.എ'; രാഹുലിനെ നേരിട്ട് അതൃപ്തി അറിയിച്ച് ശിവഗിരി

ശിവഗിരി: ശിവഗിരി സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഊഷ്മള സ്വീകരണം​ നൽകിയെങ്കിലും കോൺഗ്രസ്​ എം.എല്‍.എമാരിൽ ശ്രീനാരായണീയര്‍ കുറവാണെന്ന അതൃപ്തി അറിയിച്ച് ശിവഗിരി ധർമസംഘം ട്രസ്റ്റ്. ശ്രീനാരായണീയരുടെ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറവാണെന്ന് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

28 ശതമാനം ശ്രീനാരായണീയര്‍ ഉണ്ടായിട്ടും സമുദായത്തിൽ നിന്ന്​ കോൺഗ്രസിന്​ ഒരു എം.എല്‍.എ മാത്രമാണുള്ളതെന്ന അതൃപ്തി രാഹുലിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ക്ഷണിക്കപ്പെടാതെ തന്നെ രാഹുൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. നേര​ത്തെ, പല ഘട്ടത്തിലും രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്. തിരക്കുകള്‍ കാരണം എത്താന്‍ കഴിഞ്ഞില്ല. ശിവഗിരി മഠത്തില്‍ നരേന്ദ്ര മോദിയെന്നോ രാഹുല്‍ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണ്​. രാഹുലുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിന്‍റെ ശിവഗിരി സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും വ്യക്തമാക്കി.

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനം തുടങ്ങും മുമ്പാണ് യാത്രയുടെ നായകനായ രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചത്. രാവിലെ ആറരയോടെ ശിവഗിരിയിലെത്തിയ അദ്ദേഹം ശ്രീനാരായണഗുരു സമാധിയിലും ശാരദാമഠത്തിലും പ്രാർഥന നടത്തി.

തുടർന്ന്​ സ്വാമിമാരുമായി കൂടിക്കാഴ്ചയും നടത്തി. ഇതാദ്യമായി ശിവഗിരി സന്ദർശിച്ച രാഹുലിന്​ ഊഷ്മള സ്വീകരണം​ ഒരുക്കിയ സ്വാമിമാർ, ഗുരുവിന്‍റെ പുസ്തകങ്ങളും സമ്മാനിച്ചു.

Tags:    
News Summary - Rahul Gandhi Sivagiri Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.