കത്ത് വിവാദത്തിന് പിന്നിൽ ഗൂഢാലോചന, കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻ ശ്രമം -രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഗൂഢാലോചന അന്വേഷിക്കണം. ബി.ജെ.പിയെ ജയിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടി അയച്ച കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കത്തുമാണ് ഇതുവരെ ചർച്ചയിലുണ്ടായിരുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത് രണ്ടും ചർച്ചയിൽ നിന്ന് ഒഴിവാക്കാനാണ് മൂന്നാമതൊരു കത്ത് കൂടി കൊണ്ടുവന്നിരിക്കുന്നത്.

കെ. മുരളീധരൻ നല്ല നേതാവാണെന്ന അഭിപ്രായം എനിക്കുമുണ്ട്. കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ പരമയോഗ്യനായ നേതാവാണ്. അദ്ദേഹം മത്സരിക്കട്ടെയെന്നത് തെരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത കത്താണ്. എന്നെ മത്സരിപ്പിക്കരുതെന്നോ ഞാൻ മോശമാണെന്നോ കത്തിൽ പറയുന്നില്ല. സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം കത്ത് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല -രാഹുൽ പറഞ്ഞു.

അങ്ങനെയൊരു കത്ത് ഉണ്ട് എന്ന് കരുതുക, അത് തെരഞ്ഞെടുപ്പിന് മുമ്പേ പുറത്തുവരുമ്പോഴാണ് വാർത്തയാകുക. കത്ത് എങ്ങനെ ഇപ്പോൾ പുറത്തുവന്നു എന്നതിന് പിന്നാലാണ് ഗൂഢാലോചന. സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. രണ്ടും കക്ഷികളും തമ്മിലുള്ള ഒത്തുകളിയാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഡി.സി.സി കെ. മുരളീധരനെ നിർദേശിച്ച് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനാണ് എ.ഐ.സി.സി, കെ.പി.സി.സി നേതൃത്വത്തിന് കത്ത് കൊടുത്തത്. മുരളീധരനെ മത്സരിപ്പിക്കാൻ ഡി.സി.സി ഭാരവാഹികൾ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നും ബി.ജെ.പിയെ തോൽപിക്കാൻ മുരളീധരന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നും കത്തിൽ പറയുന്നുണ്ട്.

Tags:    
News Summary - Rahul Mamkootathi press meet palakkad by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.