തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. ബുധനാഴ്ച തന്നെ അപ്പീൽ നൽകാനാണ് തീരുമാനം. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങളും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക.
അറസ്റ്റിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ അടൂർ പൊലീസിന്‍റെ സഹായത്തോടെയാണ് കന്‍റോൺമെന്‍റ് എസ്.ഐ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട് വളഞ്ഞ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) ഹാജരാക്കിയ രാഹുലിനെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതി മുറിയിൽ അരങ്ങേറിയത്. പ്രതിഷേധമല്ല, അക്രമമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ രാഹുലിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്നും പൊലീസുകാരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും പ്രതിഭാഗം വാദിച്ചു. സമാധാന പ്രതിഷേധത്തിന് പോകുന്നവർ കൈയിൽ പട്ടികകൊണ്ട് പോകുന്നത് എന്തിനെന്നായിരുന്നു മജിസ്ട്രേറ്റിന്‍റെ മറുചോദ്യം.
ബുധനാഴ്ച രാവിലെ 11ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. കൂടാതെ സംസ്ഥാന തലത്തിൽ പൊലീസ് സ്റ്റേഷനുകളിലേക്ക് 'സമരജ്വാല' എന്ന പേരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.