തിരുവനന്തപുരം: യാത്രാസംഘങ്ങൾക്ക് കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഏ ർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ റെയിൽവേ ഇളവുവരുത്തി. പ്രധാന റിസർവേഷൻ കേന്ദ്രങ്ങളിൽനിന്ന് എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും സ്പെഷൽ ഫെയർ ട്രെയിനുകളിലും എത്ര ടിക്കറ്റും ഒന്നിച്ച് റിസർവ് ചെയ്യാം. എല്ലാ ക്ലാസുകളിലും ഇളവുകൾ ബാധകം. നേരത്തെ ഒരോ ട്രെയിനിലും ഒഴിവുള്ള ആകെ സീറ്റുകളുടെ 50 ശതമാനം മാത്രമാണ് ഗ്രൂപ് ബുക്കിങ്ങിന് അനുവദിച്ചിരുന്നത്. ഇതിന് ഡിവിഷൻ ആസ്ഥാനത്തെ കമേഴ്സ്യൽ മേധാവിയുടെ അനുമതിയും വേണ്ടിയിരുന്നു.
അതായത് കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ തിരുവനന്തപുരത്തോ പാലക്കാടോ ഉള്ള റെയിൽ ഡിവിഷനൽ ഒാഫിസുകളിൽ എത്തണം. നേരത്തെ 30 സ്ലീപ്പർ ടിക്കറ്റും 12 എ.സി ടിക്കറ്റും മാത്രമാണ് ഒന്നിച്ച് ബുക്ക് ചെയ്യാൻ അനുമതിയുണ്ടായിരുന്നത്.
ഇൗ നിബന്ധനകളാണ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയത്. നിലവിൽ റിസർവേഷനുള്ള എല്ലാ സ്റ്റേഷനുകളിൽനിന്നും ഗ്രൂപ് ബുക്കിങ് നടത്താം. പ്രധാന സ്റ്റേഷനുകളിൽ ഒന്നിച്ചുള്ള ബുക്കിങ്ങിന് പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം അേപക്ഷകർ ഇല്ലാത്ത ഘട്ടങ്ങളിലേ മറ്റ് റിസർവേഷൻ അപേക്ഷകൾ ഇൗ കൗണ്ടറുകളിൽ സ്വീകരിക്കൂ.
അതേസമയം ഗ്രൂപ്പ് ബുാക്കിങ് വഴിയുള്ള ദുരുപയോഗം തടയാൻ കർശന ഉപാധികളും ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകൾ, വിനോദയാത്രകൾ എന്നിവക്ക് മാത്രമേ ഒന്നിച്ചുള്ള ബുക്കിങ് അനുവദിക്കൂ. അേപക്ഷകെൻറ പൂർണവിവരങ്ങൾ നൽകണം. വിവാഹാവശ്യത്തിനാണെങ്കിൽ വിവാഹ കത്തടക്കം ഹാജരാക്കണം. പഠനയാത്രക്കാണെങ്കിൽ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും വിനോദ യാത്രയാണെങ്കിൽ സംഘടിപ്പിക്കുന്നവരുടെ വിവരങ്ങളും നൽകണം.
40 പേരാണ് സംഘത്തിലുള്ളതെങ്കിൽ 40 പേരുടെയും പേരുവിവരങ്ങൾ നൽകണം. ആറ് പേർക്ക് ഒരു ടിക്കറ്റ് എന്ന നിലയിലാണ് റിസർവേഷൻ. സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറിലെ ഗ്രൂപ് ബുക്കിങ് രജിസ്റ്ററിൽ പേര് വിവരങ്ങൾ നൽകുന്നതടക്കം നടപടി ക്രമങ്ങൾക്ക് ശേഷമാണ് റിസർവേഷൻ അനുവദിക്കുക. എല്ലാ പ്രധാന സ്റ്റേഷനുകളിലെയും സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കാണ് ബൾക്ക് ബുക്കിങ് അനുവദിക്കാൻ അധികാരം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.