കൊച്ചി: ട്രെയിൻ മാറിക്കയറിയതിനെത്തുടർന്ന് ഓടുന്ന ട്രെയിനിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിൽ വീണ് പരിക്കേറ്റ് മരിച്ചയാളുടെ ആശ്രിതർക്ക് റെയിൽവേ രണ്ടുമാസത്തിനകം എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി. റെയിൽവേ നിയമപ്രകാരം ‘നഷ്‌ടപരിഹാരത്തിന് അർഹതയുള്ള അപ്രതീക്ഷിത സംഭവ’ത്തിന്‍റെ പരിധിയിൽ വരുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്‍റെ ഉത്തരവ്.
2015 നവംബർ പത്തിന് തമിഴ്‌നാട് സ്വദേശി പൂവൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വീണ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി ഭാര്യയും മക്കളും നൽകിയ ഹരജിയിലാണ് ഉത്തരവ്. സേലത്തേക്ക് ടിക്കറ്റെടുത്ത പൂവൻ ട്രെയിൻ മാറിപ്പോയത് മനസ്സിലാക്കി തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ വീണ് പരിക്കേറ്റാണ് മരിച്ചത്. നാലുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹരജി, സ്വയം വരുത്തിവെച്ച ദുരന്തമാണിതെന്ന് വിലയിരുത്തി റെയിൽവേ ട്രൈബ്യൂണൽ തള്ളി. ഇതിനെതിരായ അപ്പീലാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
റെയിൽവേ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തങ്ങൾക്ക് നഷ്‌ടപരിഹാരം നൽകേണ്ടതുണ്ട്. പൂവന്‍റെ മരണം ഈ ഗണത്തിൽ വരുന്നതായതിനാൽ ആറുശതമാനം പലിശ സഹിതം എട്ടുലക്ഷം നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.