സംസ്ഥാനത്ത് മഴ കനക്കും; മലയോരമേഖലകളിൽ ജാഗ്രത, ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ- മധ്യ കേരളത്തിലെ ജില്ലകളിലാണ് മഴ ശക്തമാവുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നും അധികൃത‍ര്‍ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും കാലവർഷം സജീവമായി തുടരും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി മാറുമെന്നും ഇതും മഴയുടെ വ്യാപ്തി കൂട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, പത്തനംതിട്ട ജില്ലയിൽ മഴ ശക്തമാണ്. കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാൽ കോന്നി താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴയാണ് ലഭിക്കുന്നത്.

ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം നേരിയ തോതിൽ ഉയരും. ജില്ലയുടെ കിഴക്കൻ വന മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായും സംശയമുണ്ട്.

ഗുരുനാഥൻ മണ്ണ് ഭാഗത്ത് ഞായറാഴ്ച വൈകിട്ടോടെ മലവെള്ളപ്പാച്ചിൽ ഉണ്ടായെന്നും വിവരമുണ്ട്. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ നിലവിൽ നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിലുണ്ടായി. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമുണ്ട്.

Tags:    
News Summary - Rain will be heavy in the state; Caution in hilly areas, yellow alert in districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.