ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനുമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടർമാരുടെ യോഗം വിളിച്ചു. ദുരന്ത നിവാരണ അതോറിറ്റിയിൽ എത്തി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആണ് റെഡ് അലർട്ട്. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
അടുത്ത അഞ്ചുദിവസം ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാണുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗ്രതയോടെയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം.
ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രിഅഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.