ന്യൂഡൽഹി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വരുമാനവും സ്വത്തും പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും ഒത്തുനോക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് ആവശ്യപ്പെട്ടു. സ്വത്തുവിവരങ്ങൾ പലതും മറച്ചുവെച്ചാണ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലം സമർപ്പിച്ചതെന്ന് കാണിച്ച് എൽ.ഡി.എഫും യു.ഡി.എഫും നൽകിയ പരാതികളിലാണ് കമീഷൻ നടപടി.
നടപടിക്രമം അനുസരിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് സത്യവാങ്മൂലം പരിശോധിച്ച് പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് നോക്കാൻ നിർദേശിച്ചതായി കമീഷൻ വൃത്തങ്ങൾ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരമുള്ള നടപടിക്ക് അർഹമാകും എന്നും അവർ വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെക്കുന്നത് ആറുമാസം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.