കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ തോമസിന്‍റെ വൻവിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റ വാക്കിൽ പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ 'ക്യാറ്റ്' പോയി എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തിയിട്ട് ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റ വാക്കിൽ പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ 'ക്യാറ്റ്' പോയി എന്നതാണ്. ഈ വിജയം ഇടതുമുന്നണിക്കേറ്റ കനത്ത പ്രഹരമാണ്. പിണറായി വിജയന്‍റെ കെ റെയിലിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു -ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, കെ റെയിൽ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് 'കെ റെയിൽ തോറ്റു, കേരളം ജയിച്ചു' എന്ന തലക്കെട്ടിൽ ഉമ തോമസിന്‍റെ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫിന്‍റെ വൻ വിജയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രശംസിച്ച് ഹൈബി ഈഡൻ രംഗത്തെത്തി. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)' എന്നാണ് ഹൈബി ഫേസ്ബുക്കിൽ കുറിച്ചത്. നടന്നു പോകുന്ന വി.ഡി. സതീശന്‍റെ തൊട്ടുപിന്നാലെ ചേരുന്ന തന്‍റെ ചിത്രം പങ്കുവെച്ചാണ് ഹൈബിയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.