മാവോവാദികളെ നേരിടാന്‍ ട്രൈജങ്ഷന്‍  ഓപറേഷന്‍ വേണം –രാജ്നാഥ് സിങ്

തിരുവനന്തപുരം: മാവോവാദി ഭീഷണി രാജ്യം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളികളിലൊന്നാണെന്നും ഇതിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ‘ട്രൈജങ്ഷന്‍ ഓപറേഷന്‍’ വേണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അടുത്തിടെ കേരളത്തില്‍ നടന്ന മാവോവാദി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആശങ്കജനകമാണ്. ഈ സാഹചര്യത്തില്‍ കേരള, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ മൂന്നുസംസ്ഥാനങ്ങളുടെയും സേനകള്‍ സംയുക്തനീക്കം (‘ട്രൈജങ്ഷന്‍ ഓപറേഷന്‍’)നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ 27ാമത് സംയുക്ത സോണല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാവോവാദികളെ നേരിടാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോവാദികളെ നേരിടാന്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍െറ ഒരു യൂനിറ്റുകൂടി സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇതു കേരളത്തിന് അനുവദിച്ചില്ല. അതേസമയം, ആന്ധ്രാപ്രദേശിന് ഒരു ബറ്റാലിയന്‍ അനുവദിച്ചു. കേരളത്തിന്‍െറ വാണിജ്യവ്യാവസായിക പുരോഗതിക്കുതകുന്ന സുപ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തെന്നും ഇവയില്‍ ഏറെക്കുറേ അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രം കൈക്കൊണ്ടതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 
പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രവിഹിതം അനുവദിക്കാനും നാളികേരത്തെ എണ്ണക്കുരുവായി പ്രഖ്യാപിക്കാനും തീരുമാനമായി. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന തൊഴില്‍നികുതിയുടെ പരമാവധിപരിധി 2,500 രൂപയില്‍നിന്ന് ഉയര്‍ത്തും. ഇതിന് ചട്ടഭേദഗതി വരുത്തും. മംഗലാപുരം വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പെനിന്‍സുലാര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ കൊച്ചി വരെ നീട്ടുക, കാസര്‍കോട് വരെ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍ ഇടനാഴി മംഗലാപുരം-ഉഡുപ്പി വരെ നീട്ടുക, മത്സ്യത്തൊഴിലാളികള്‍ക്ക് ബയോമെട്രിക് കാര്‍ഡ്, പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് അറിയിപ്പും ജാഗ്രതാനിര്‍ദേശവും സംസ്ഥാനങ്ങള്‍ പങ്കിടുക, ഭവനനിര്‍മാണ മേഖലയെ അടിസ്ഥാനസൗകര്യവികസനത്തില്‍ ഉള്‍പ്പെടുത്തുക, അധികമായി ഉല്‍പാദിപ്പിക്കുന്ന വിന്‍ഡ് പവര്‍, ഹൈഡ്രോപവര്‍ എന്നിവ അയല്‍ സംസ്ഥാനങ്ങള്‍ പങ്കിടുക എന്നീവിഷയങ്ങളും യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ടു. 22 ഇന അജണ്ടയില്‍ 16 എണ്ണത്തില്‍ തത്വത്തില്‍ തീരുമാനമായതായും ചീഫ് സെക്രട്ടറി അറിയിച്ചു. പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് ധനമന്ത്രി രാമകൃഷ്ണഡു, കര്‍ണാടക നിയമമന്ത്രി ടി.ബി. ജയചന്ദ്ര, തമിഴ്നാട് വനംമന്ത്രി ഡിണ്ടിഗല്‍ സി. ശ്രീനിവാസന്‍, തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡി, ഇന്‍ര്‍സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി നൈനി ജയശീലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - rajnath singh, maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.