തിരുവനന്തപുരം: രാജ്യസഭ സീറ്റിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത തർക്കം പുതിയ മാനങ്ങളിലേക്ക്. ഹൈകമാൻഡ് നിർദേശിച്ച എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ ഗ്രൂപ്പുകൾക്ക് അതീതമായി ഒന്നിച്ച് എതിർക്കുമ്പോൾതന്നെ പകരക്കാരൻ ആരാകണമെന്നതിലാണ് തർക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ കെ.പി.സി.സി ഭാരവാഹിത്വത്തിന് പരിഗണിക്കേണ്ടെന്ന മാനദണ്ഡം രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലും പാലിക്കണമെന്ന ആവശ്യമാണ് ഒരുവിഭാഗം ഉയർത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുടേതുൾപ്പെടെ നിരവധി പരാതികളാണ് ഹൈകമാൻഡിലേക്ക് പ്രവഹിക്കുന്നത്. അതിനിടെ സ്ഥാനാർഥി നിർണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാനുള്ള ചർച്ചകൾ വെള്ളിയാഴ്ച തലസ്ഥാനത്ത് നടക്കും.
നിയമസഭയിലേക്ക് തുടർച്ചയായി മത്സരിച്ച് പരാജയപ്പെട്ട യുവനേതാവ് എം. ലിജുവിനെ സ്ഥാനാർഥിയാക്കാനാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് താൽപര്യം. കെ.സി. വേണുഗോപാലിനെ പിന്തുണക്കുന്ന കെ.പി.സി.സി ഭാരവാഹികളുള്‍പ്പെടെ ലിജുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ എ.ഐ.സി.സിക്ക് കത്തയച്ചു. പാർട്ടിയിലെ 'എ' പക്ഷം നേതാക്കളും ഈ നിലപാടിനോട് യോജിക്കുന്നു.
തെരഞ്ഞെടുപ്പിലെ പരാജയം രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് അയോഗ്യതയായി കാണേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്. ഈ നിലപാടിനെതിരെ പാർട്ടിയിലെ മറ്റ് ഗ്രൂപ്പുകളെല്ലാം യോജിച്ചാൽ അത് അദ്ദേഹം അംഗീകരിക്കുമോയെന്ന് കണ്ടറിയണം. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന 'വിശാല ഐ' ഗ്രൂപ്പിൽ ഉണ്ടായിരുന്ന ലിജു ഇപ്പോൾ സുധാകരന്‍റെ വിശ്വസ്തരിൽ ഒരാളാണ്. സീറ്റ് മോഹിക്കുന്നവരിൽ നല്ലപങ്കും കഴിഞ്ഞതവണ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവരാണ്. തോറ്റവരെ മാറ്റിനിർത്താൻ തീരുമാനിച്ചാൽ ഹൈകമാൻഡ് നിർദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനൊപ്പം എം.എം. ഹസൻ, സോണി സെബാസ്റ്റ്യൻ, ജെയ്സൺ ജോസഫ് തുടങ്ങിയ പേരുകളും പാനലിൽ ഉൾപ്പെടാം. തർക്കം തുടർന്നാൽ എ.ഐ.സി.സി വക്താവ് ഷെമ മുഹമ്മദ് ഉൾപ്പെടെ വനിതകളിൽ ആരെയെങ്കിലും പരിഗണിക്കാനും സാധ്യതയുണ്ട്.
രാജ്യസഭ സ്ഥാനാര്‍ഥി: തീരുമാനം ഇന്ന് -കെ. സുധാകരൻ
ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഹൈകമാൻഡ് ആരുടെ പേരും നിർദേശിച്ചിട്ടില്ലെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. ലിജുവിന്റെ പേര് അതിൽ ഒന്നുമാത്രമാണ്. കെ. മുരളീധരന് സോണിയ ഗാന്ധിക്ക് കത്തു നല്‍കിയതിൽ തെറ്റൊന്നുമില്ല. ഒരു നേതാവ് പേപ്പർ എടുത്ത് കാണിച്ചാൽ തലയാട്ടുന്ന സംവിധാനമല്ല കോൺഗ്രസിനുള്ളത്. കോൺഗ്രസിൽ എക്കാലത്തും അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഏതു സ്ഥാനാർഥിയെ നിശ്ചയിച്ചാലും എതിർ അഭിപ്രായം ഉണ്ടാകും. തീരുമാനം എടുക്കുന്നതിൽ ബുധനാഴ്ചയാണ് ചർച്ച ആരംഭിച്ചത്. ഉടൻ തീരുമാനമുണ്ടാകുമെന്നും സുധാകാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.