ഉള്ള്യേരി: നോമ്പും നോറ്റ് മീൻ കൊട്ടയും ചുമലിലേറ്റി 30 കിലോമീറ്ററോളം നീളുന്ന കാൽനടയാത്ര. കച്ചവടം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ രാത്രി പതിനൊന്നര. മുക്കാൽ അണയുടെ ചൂട്ടും കത്തിച്ചുള്ള ഏഴംഗ സംഘത്തിെൻറ മടക്കയാത്ര. നോമ്പുതുറ താമരശ്ശേരിയിലെയും പൂനൂരിലെയും വീടുകളിൽ. പുലർച്ച അത്താഴമുണ്ട് വീണ്ടും കൊയിലാണ്ടി കടപ്പുറത്തേക്ക്. 90ാം വയസ്സിൽ ലോക്ഡൗൺ കാലത്തിരുന്ന് നോമ്പോർമകൾ അയവിറക്കുമ്പോഴും ദുരിതക്കടൽ താണ്ടി ഭാര്യയും ഏഴു മക്കളുമടങ്ങിയ കുടുംബത്തെ കരക്കടുപ്പിച്ച മുണ്ടോത്ത് കല്ലിങ്കൽ മമ്മദ്കുട്ടിയുടെ കണ്ണുകളിൽ ഇപ്പോഴും മായാത്ത തിളക്കം.
കൊയിലാണ്ടി - താമരശ്ശേരി റൂട്ടിൽ പെടജാതി മമ്മദ് കുട്ടിയെന്ന മത്സ്യക്കച്ചവടക്കാരനെ അറിയാത്തവരുണ്ടാവില്ല. ആ പേര് വീഴാൻ കാരണം മറ്റൊന്നുമല്ല. നല്ല പിടയ്ക്കുന്ന മീൻ മാത്രമേ അദ്ദേഹത്തിെൻറ അടുത്തുണ്ടാവൂ. പെടജാതിയുടെ ഗുഡ്സ് ഓട്ടോ എത്തുമ്പോൾ ഇപ്പോഴും ഓരോ കവലയിലും ആളുകൾ പൊതിയും.14ാം വയസ്സിൽ സഹായിയായി പോയി 20ാം വയസ്സിൽ സ്വന്തമായി തുടങ്ങിയ മത്സ്യക്കച്ചവടം ഇന്നും തുടരുന്നു. വാഹന ഗതാഗതം വളരെ കുറവായിരുന്ന അക്കാലത്ത് അത്താഴം കഴിച്ച് നേരെ കൊയിലാണ്ടി കടപ്പുറത്തേക്ക്. മീൻ കൊട്ടകൾ തൂക്കിയ കാവണ്ടം ചുമലിലേറ്റി നടത്തം തുടങ്ങും.
നോമ്പെടുത്തുള്ള ആ യാത്രയിൽ കൂട്ടിന് അബ്ദുല്ല, മൂസ, കുഞ്ഞൂസ തുടങ്ങി ആറു പേരും ഉണ്ടാവും. താമരശ്ശേരിയിലെയും പൂനൂരിലെയും മത്സ്യച്ചന്തയിലെത്തുമ്പോൾ ഉച്ചകഴിയും. കച്ചവടം കഴിയുമ്പോഴേക്കും മഗ്രിബ് ബാങ്ക് കൊടുത്തിരിക്കും. പുനൂരിലെയും താമരശ്ശേരിയിലും നാട്ടുകാരുടെ വീടുകളിലായിരുന്നു ഈ ആറംഗ സംഘത്തിെൻറ നോമ്പ് തുറ. ആളുകൾ മുൻകൂട്ടിതന്നെ നോമ്പുതുറക്ക് ക്ഷണിക്കും. പൂനൂരിലെ മരക്കാർ ഹാജിയുടെയും ഇമ്പിച്ചോദിഹാജിയുടെയും വീടുകളിലായിരുന്നു തുറ മിക്കപ്പോഴും.
പത്തിരിയും കറിയും ഇറച്ചിയും തരിക്കഞ്ഞിയും ഒക്കെയുണ്ടാവും. തങ്ങളെ നോമ്പുതുറപ്പിക്കാൻ പലർക്കും വലിയ താൽപര്യമായിരുന്നു. തിരികെ നാട്ടിലേക്ക് വിജനമായ ചെമ്മൺ പാതയിലൂടെ സംഘം ചൂട്ടും കത്തിച്ച് യാത്ര. അന്ന് ഒരു മുക്കാലിന് രണ്ട് ഓലച്ചൂട്ട് കിട്ടും. ഓരോരുത്തരും രണ്ട് വീത് ചൂട്ട് വാങ്ങും. തീരുന്നതിനനുസരിച്ച് മാറ്റി കത്തിക്കും. വീടണയുമ്പോൾ സമയം രാത്രി പതിനൊന്നരയെങ്കിലും കഴിഞ്ഞിരിക്കും. അക്കാലത്ത് കച്ചവടം കഴിഞ്ഞാൽ 100 - 150 രൂപ മിച്ചം കിട്ടും. പെരുന്നാളിന് പുതുവസ്ത്രങ്ങൾ കുടുംബക്കാരാണ് തന്നിരുന്നത്. ഇപ്പോഴും മാങ്ങ കച്ചവടവും മത്സ്യ കച്ചവടം നടത്തുന്ന മമ്മത് കുട്ടി ഇടക്കാലത്ത് വന്ന ശാരീരിക അസ്വാസ്ഥ്യങ്ങളെ ആത്മധൈര്യം കൊണ്ട് കീഴടക്കി ഇപ്പോഴും അങ്ങാടിയിലും പള്ളിയിലും സജീവസാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.