പാതിരാ നാടകം കൊടകര കുഴല്‍പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം - ബി.ജെ.പി ഡീലിന്റെ തുടര്‍ച്ച -ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട്ട് പോലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സി.പി.എം - ബി.ജെ.പി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പൊലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മിനും ബി.ജെ.പിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസ് അധഃപതിച്ചിരിക്കുന്നു. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എ.ഡി.ജി.പിയെ ഉപയോഗിച്ചു. പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു.

കൊടകര കുഴല്‍പണകേസ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദം മായ്ക്കുന്നതിനു വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട് നടന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സി.പി.എമ്മിനു വേണ്ടി പൊലീസ് നടത്തിയ വിടുപണിയാണിത്. ബി.ജെ.പി സ്ഥാനാര്‍ഥിയെ എങ്ങിനെയും വിജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സി.പി.എം കാണിക്കുന്ന അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ജനം ഇതിനു ശക്തമായ തിരിച്ചടി നല്‍കും -രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala about Palakkad Police Night Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.