ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശകമീഷന്‍ ചെയര്‍പെഴ്സനായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതും മനുഷ്യനിര്‍മ്മിതവുമായിരുന്നു അന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാറും ഇത് സംബന്ദിച്ച പൊതു താത്പര്യ ഹര്‍ജികളിന്മല്‍ സുവോമോട്ടോ നടപടി സ്വീകരിക്കുകയുണ്ടായി.

സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ചീഫ് ജസ്റ്റീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗളര്‍ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റീസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.

ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല സർക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തത്.

ഇക്കാരണങ്ങളാൽ ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേര്‍സണ്‍ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. ആ ശുപാര്‍ശ സ്വീകരിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

മാത്രമല്ല, മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷന്‍ നാല് അനുസരിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാദ്ധ്യസ്ഥനുമല്ല. ശുപാര്‍ശ തള്ളുന്നത് ഗവര്‍ണറുടെ അധികാരപരിധിയിലുള്ള കാര്യവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ramesh Chennithala asks Governor to reject Cabinet recommendation to appoint Justice Manikumar as Chairperson of Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.