ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തന രംഗത്തെ മികവിനുള്ള പ്രശസ്തമായ രാംനാഥ് ഗോയങ്ക ജേണലിസം എക്സലന്‍സ് അവാര്‍ഡ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്. ഹിന്ദി ഒഴിച്ചുള്ള പ്രാദേശിക ഭാഷകളിലെ 2015ലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡാണ് ഫിറോസ്ഖാന് ലഭിച്ചത്. ഗള്‍ഫ് പ്രവാസികളെ വരിഞ്ഞുമുറുക്കുന്ന സാമ്പത്തിക കുരുക്കുകളും കടക്കെണിയും സംബന്ധിച്ച് മാധ്യമത്തില്‍ ആറു ദിവസമായി പ്രസിദ്ധീകരിച്ച ‘കണക്കുപിഴക്കുന്ന പ്രവാസം’ എന്ന അന്വേഷണാത്മക പരമ്പരക്കാണ് അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബര്‍ രണ്ടിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. നിരവധി എന്‍ട്രികളില്‍ നിന്ന് പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് രാംനാഥ് ഗോയങ്ക മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിവേക് ഗോയങ്ക അറിയിച്ചു. ഇതേ വിഭാഗത്തില്‍ മാതൃഭൂമി ലേഖിക നിലീന അത്തോളിക്കും പുരസ്കാരമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സ്ഥാപകനും പത്രപ്രവര്‍ത്തന മേഖലയിലെ ധീര മുഖവുമായിരുന്ന രാംനാഥ് ഗോയങ്കയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
1993 മുതല്‍ മാധ്യമം പത്രാധിപ സമിതിയിലുള്ള എം. ഫിറോസ്ഖാന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ്, മുഷ്താഖ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡച്ച് സര്‍ക്കാരിന്‍െറ ഫെല്ളോഷിപ്പോടെ നെതര്‍ലാന്‍റ്സിലെ പ്രമുഖ മാധ്യമ പഠന കേന്ദ്രമായ ആര്‍.എന്‍.ടി.സിയില്‍ ഹ്രസ്വകാല കോഴ്സിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സ് മാധ്യമത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഫിറോസ്ഖാനായിരുന്നു.
കോഴിക്കോട് പുതിയപാലം സ്വദേശിയും എം. അബ്ദുല്‍ഖാദര്‍-മറിയംബി ദമ്പതികളുടെ മകനുമാണ്. മെഹ്ജബിനാണ് ഭാര്യ. നവീദ് ഖാന്‍, നദ മറിയം, ഉദാത്ത് ഖാന്‍ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.