റേഷന്‍ കാര്‍ഡുകളില്‍ തെറ്റ്: നടപടി വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഒരു വര്‍ഷക്കാലം കൈയ്യില്‍ വച്ച് തിരുത്തിയിട്ടും മുഴുവന്‍ തെറ്റുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ  റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തതിന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റായ വിവരങ്ങളാണെന്ന് അറിഞ്ഞു കൊണ്ടാണ് അവ കാര്‍ഡുകളില്‍ രേഖപ്പെടുത്തി നല്‍കിയത്. ഇത് കേട്ട് കേഴ്വി പോലുമില്ലാത്ത കാര്യമാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ്ത് ഇതാണോ? റേഷന്‍കാര്‍ഡിലെ തെറ്റായ വിവരങ്ങളെക്കുറിച്ച് 13 ലക്ഷത്തോളം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. അതില്‍ ചെറിയ ഒരു ഭാഗം പോലും തിരുത്താതെയാണ് റേഷന്‍കാര്‍ഡുകള്‍ അച്ചടിച്ചു വിതരണം ചെയ്തത്. ഇത് കാരണം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പലര്‍ക്കും സൗജന്യമായി റേഷന്‍ സാധനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയായി. 

മാത്രമല്ല, കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ തിരുത്തിക്കിട്ടാന്‍ ആളുകള്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അധികൃതര്‍ ബോധപൂര്‍വ്വം വരുത്തി വച്ച കുഴപ്പത്തിന് പിഴ മൂളേണ്ടി വന്നിരിക്കുന്നത് സാധാരണക്കാര്‍ക്കാണ്. അപേക്ഷ നല്‍കിയാല്‍ തന്നെ എന്ന് അത് തിരുത്തിക്കിട്ടും എന്നും ഉറപ്പില്ല. അത്രയും ദിവസം റേഷനും ആനുകൂല്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടും. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലൊരിക്കലും ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ല. റേഷന്‍ കാര്‍ഡിലെ തെറ്റുകളുടെ പേരില്‍ റേഷന്‍ മുടങ്ങാതിരിക്കാന്‍ നടപടി എടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.   

ഇതിയിടയില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ അരി വില കുതിച്ചുയരുകയാണ്. കേരളീയര്‍ സാധാരണ ഉപയോഗിക്കുന്ന ചില ഇനം ചമ്പാ അരിക്ക് 56 രൂപ വരെ വിലയെത്തിയിരിക്കുന്നു. മറ്റുള്ളവക്കും പൊള്ളുന്ന വിലയാണ്. അരി വില പിടിച്ചു നിര്‍ത്തുന്നതിന് അടിയന്തിരമായി വിപണി ഇടപെടല്‍ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


 

Tags:    
News Summary - ration cards ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.