തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു. ഭക്ഷ്യധാന്യ വിതരണത്തിനൊപ്പം കടകളിൽ ഒരേസമയം മുൻഗണന കാർഡുടമകളുടെ ആധാർ മസ്റ്ററിങ്ങും ആരംഭിച്ചതോടെയാണ് ഇ-പോസ് മെഷീനുകൾ രാവിലെ മുതൽ പണിമുടക്കാരംഭിച്ചത്. വൈകീട്ടോടെ വ്യാപാരികൾ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെച്ചതോടെയാണ് കടയിലെത്തിയവർക്ക് സാധനങ്ങൾ നൽകാൻ കഴിഞ്ഞത്.
റേഷൻ വിതരണവും ആധാർ മസ്റ്ററിങ്ങും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് ഇന്നലെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനം ഭക്ഷ്യവകുപ്പ് രണ്ട് ഘട്ടമായി ക്രമീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കടകൾ രാവിലെ മുതൽ ഉച്ചവരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ ഉച്ചക്ക് ശേഷവുമാണ് തുറന്നത്. എന്നാൽ ഒരുഘട്ടത്തിൽപോലും വിതരണം സുഗമമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല.
ഇ-പോസിലെ ബയോമെട്രിക് സാങ്കേതിക തകരാറിനെ തുടർന്ന് ഉച്ചവരെ ഒരു കടയിൽ പരമാവധി അഞ്ചുപേർക്ക് മാത്രമായിരുന്നു സാധനങ്ങൾ നൽകാൻ കഴിഞ്ഞത്. ഇതേതുടർന്ന് റേഷൻ സംഘടകൾ സർക്കാറിനെ പരാതി അറിയിച്ചു. നടപടിയുണ്ടാകാത്തിനെ തുടർന്ന് ഉച്ചക്ക് ശേഷം പല ജില്ലകളിലും മസ്റ്ററിങ് നിർത്തിവച്ച് മൊബൈൽ ഒ.ടി.പി വഴി കാർഡുടമകൾക്ക് സാധനങ്ങൾ നൽകുകയായിരുന്നു. ഇതോടെ ചൊവ്വാഴ്ചത്തെ റേഷൻ വിതരണം രണ്ടരലക്ഷത്തിലേക്കെത്തി.
ഭക്ഷ്യവിതരണവും ആധാർ മസ്റ്ററിങ്ങും കുഴഞ്ഞുമറിഞ്ഞതോടെ എൻ.ഐ.സി പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്രമീകരണങ്ങൾ ഇന്ന് മന്ത്രി പ്രഖ്യാപിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ റേഷനും, ആധാർ മസ്റ്ററിങ്ങും നടത്തുന്ന വിധത്തിൽ ഇ-പോസ് സർവറിൽ ക്രമീകരണം വരുത്തണമെന്നും, അല്ലാത്തപക്ഷം ആധാർ മസ്റ്ററിങ്ങിന് അക്ഷയ, മറ്റ് ഓൺലൈൻ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കണമെന്ന് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.