തൃശൂർ: ഇ-പോസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈ മാസം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് റേഷൻ നഷ്ടപ്പെടാൻ സാധ്യത. മാസം അവസാനിക്കാൻ രണ്ട് പ്രവൃത്തി ദിനം കൂടി ശേഷിക്കെ ഇനിയും റേഷൻ വാങ്ങാത്ത 25,15,608 കാർഡ് ഉടമകളുണ്ട്. ഇവരിൽ പത്ത് മുതൽ 15 ശതമാനം വരെ സ്ഥിരമായി റേഷൻ വാങ്ങാത്തവരാണ്. കേരളത്തിൽ 91,81,378 കാർഡ് ഉടമകളാണുള്ളത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ 66,65,770 പേർ മാത്രമാണ് റേഷൻ വാങ്ങിയത്.
67.31 ശതമാനം മാത്രമാണ് ഇതുവരെ ഈ മാസത്തെ റേഷൻ ഉപഭോഗം. 85 മുതൽ 90 ശതമാനം വരെയാണ് പ്രതിമാസം ശരാശരി റേഷൻ ഉപഭോഗം. ഇതിൽ 95 ശതമാനം അന്ത്യോദയ വിഭാഗക്കാരും 93 ശതമാനം മുൻഗണന കാർഡുകാരും റേഷൻ സ്ഥിരമായി വാങ്ങുന്നവരാണ്. ഇവർക്ക് പോലും വലിയ തോതിൽ റേഷൻ വാങ്ങാനായിട്ടില്ല. ഇ -പോസ് പണിമുടക്കിന്റെ പശ്ചാത്തലിൽ കോവിഡ് മൂന്നാം തരംഗത്തിൽ ഇക്കൂട്ടർ ആകെ വലഞ്ഞിരിക്കുകയാണ്. നേരത്തെ ഒരുമാസം റേഷൻ വാങ്ങാത്തവർക്ക് അടുത്ത മാസം ആദ്യദിവസങ്ങളിൽ അവസരം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുമാസമായി ഇത് നിർത്തലാക്കിയിരിക്കുകയാണ്. അതേസമയം, വെള്ളിയാഴ്ച മാത്രം 4,79,351 പേർ റേഷൻ വാങ്ങി.
2018ൽ 19 കോടി ചെലവഴിച്ചാണ് പുതിയ സർവർ പൊതുവിതരണ വകുപ്പ് വാങ്ങിയത്. കോവിഡ് അതിജീവന കിറ്റ് നൽകിയ നാളുകളിൽ പ്രതിദിനം 14 ലക്ഷം കാർഡ് ഉടമകൾക്ക് വരെ കിറ്റ് നൽകാനായ സർവറിന് വലിയ പ്രശ്നമില്ലെന്ന നിലപാടാണ് വകുപ്പിലെ ഐ.ടി വിഭാഗത്തിനുള്ളത്. അതേസമയം, സാങ്കേതിക വിദ്യയുടെ കുഴപ്പങ്ങളാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് ഇവരുടെ വിലയിരുത്തിൽ. ഇന്റർനെറ്റ് കൃത്യമായി കിട്ടാത്തതാണ് നിലവിലെ പ്രശ്നമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, രണ്ടു സിമ്മും ഒപ്പം വൈഫൈയും ഉപയോഗിച്ചിട്ടും കാര്യങ്ങൾ അനുഗുണമല്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. റേഷൻ ലഭിക്കാൻ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ അധികം സമയം വേണ്ടിവരുന്നതായാണ് റേഷൻ വാങ്ങാൻ എത്തുന്നവരുടെ അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.