തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം താളംതെറ്റിയിരിക്കെ ജില്ലാടിസ്ഥാനത്തിൽ വിതരണത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 മണിവരെയായിരിക്കും വിതരണം.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ ഉച്ചക്കുശേഷം 3.30 മുതല്‍ 6.30 വരെയും വിതരണം ചെയ്യും. വ്യാഴാഴ്ച മുതൽ ജനുവരി 18 വരെയാകും ക്രമീകരണം. സെര്‍വര്‍ പ്രശ്നം പരിഹരിക്കാനാണ് വിതരണത്തില്‍ ക്രമീകരണമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ അഞ്ചാംദിനവും സെർവർ തകരാറിനെ തുടർന്ന് ജനങ്ങൾക്ക് റേഷൻ വാങ്ങൻ പലയിടത്തും സാധിച്ചിരുന്നില്ല.
കഴിഞ്ഞദിവസം റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം റേഷൻ വിതരണം പൂർണമായി മുടങ്ങിയെന്നത് തെറ്റായ പ്രചാരണമാണെന്നും സാങ്കേതിക തകരാറിന്റെ പേരിൽ സർക്കാറിനെ പഴിക്കാനും പൊതുവിതരണരംഗമാകെ കുഴപ്പത്തിലാണെന്ന് വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
ചിലർ കടയടച്ച് പ്രശ്നമുണ്ടാക്കാനാണ് ശ്രമിച്ചത്. തെറ്റായ പ്രചാരണത്തെ തുടർന്ന് 4000 കടകൾ മാത്രമാണ് തുറന്നത്. ശനിയാഴ്ച ഉച്ചയോടെ റേഷന്‍ വിതരണത്തിലെ തടസ്സം മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് നിർദേശം നൽകി. നേരേത്ത ഹൈദരാബാദ് എൻ.ഐ.സി ആസ്ഥാനം സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ച് പരിഹരിച്ചിരുന്നു.
കഴിഞ്ഞ നാല് മാസമായി പരാതികളൊന്നും ഇല്ലായിരുന്നു. നിലവിലെ സാങ്കേതിക തകരാറിന്റെ കാരണങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്. സെര്വര്ശേഷിയുമായി ബന്ധപ്പെട്ടതാണ് നിലവിലെ തകരാറിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കും. എട്ടിന് 2,08,392 പേരും പത്തിന് 1,79,750 പേരും 11ന് 1,03,791 പേരും സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍വര്‍ തകരാർ; റേഷൻ വിതരണം നിലച്ചു
പാലക്കാട്: സര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ഇ പോസ് മെഷീന് പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം നിലച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവർത്തിച്ചെങ്കിലും 9.45ഓടെ വീണ്ടും തകരാറിലായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വിതരണം മുടങ്ങുന്നത്. സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. ഡേറ്റ സെൻററിലെ തകരാർ മൂലമാണ് ഇപ്പോൾ വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി ഈ സാങ്കേതിക പ്രശ്നം ഉണ്ടാകുന്നുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.