ആദ്യ 15 ദിവസം മുൻഗണന വിഭാഗത്തിനും ബാക്കി ദിവസങ്ങളിൽ ഇതരവിഭാഗത്തിനും
തിരുവനന്തപുരം: ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാറും സെർവർ പ്രശ്നങ്ങളെയും തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കാൻ സർക്കാർ തീരുമാനം. ഓരോ മാസവും ആദ്യത്തെ 15 ദിവസം മഞ്ഞ, പിങ്ക് കാർഡുകാർക്കും (മുൻഗണനാ വിഭാഗം) 16 മുതൽ മാസാവസാനം വരെ നീല, വെള്ള കാർഡുകാർക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന രീതിയിലാണ് അടുത്ത മാസം മുതൽ റേഷൻ വിതരണം ക്രമീകരിക്കുന്നത്. ഇതുവഴി മാസാവസാനങ്ങളിൽ റേഷൻ കടകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാമെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
മാസാവസാനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ കാർഡുടമകൾ കൂട്ടത്തോടെ എത്തുമ്പോഴാണ് ഇ-പോസ് മെഷീൻ പണിമുടക്കുന്നതെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിനെത്തുടർന്ന് പലമാസങ്ങളിലും വിതരണം സുഗമമാക്കാൻ ഏഴ് ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും മറ്റു ജില്ലകളിൽ ഉച്ച മുതൽ രാത്രി വരെയായും ഭക്ഷ്യവകുപ്പ് വിതരണം ക്രമീകരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അവസാനം അഞ്ചുദിവസമാണ് റേഷൻവിതരണം സ്തംഭിച്ചത്.
1457 റേഷൻകടകളിൽ ഭൂരിഭാഗം വ്യാപാരികളും ഇ-പോസ് മെഷീനിൽ ഉപയോഗിക്കുന്നത് ബി.എസ്.എൻ.എൽ സിമ്മുകളാണ്. എന്നാൽ, ബി.എസ്.എൻ.എൽ നൽകുന്ന ബാൻഡ് വിഡ്ത്ത് 20 എം.ബി.പി.എസാണ്. ഇതു പലപ്പോഴും ഇ-പോസ് വഴിയുള്ള റേഷൻ വിതരണത്തിന് തടസ്സമാകുന്നതായി ഹൈദരാബാദ് നാഷനൽ ഇൻഫർമാറ്റിക് സെന്റർ കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്ന് ബാൻഡ് വിഡ്ത്ത് വർധിപ്പിക്കാൻ ബി.എസ്.എൻ.എല്ലിനോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഒടുവിൽ പരീക്ഷണങ്ങളെല്ലാം പാളിയതോടെയാണ് സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കാൻ സർക്കാർ തീരുമാനിച്ചത്. ആദ്യമാസങ്ങളിൽ ഒരിളവെന്നപാലെ 15നു ശേഷം വരുന്ന മുൻഗണനാ കാർഡുകാർക്ക് റേഷൻ നൽകാനാണ് തീരുമാനം.
എന്നാൽ, സർക്കാറിന്റെ നൂതന പരിഷ്കാരം പൊതുവിതരണത്തിന്റെ തകർച്ചക്കിടയാക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ആരോപിച്ചു. പലപ്പോഴും കടകളിൽ സാധനങ്ങൾ എത്തുന്നത് 10നു ശേഷമാണ്.
കൂടുതൽ സിഗ്നൽ ലഭിക്കുന്ന ഫോർജി സിംകാർഡുകളും ഇ-പോസ് മെഷീനിൽ ഉപയോഗിച്ചും, സെർവറിന്റെ ശേഷിവർധിപ്പിക്കുന്നതിനും പകരം പുതിയ പരിഷ്കാരം സംസ്ഥാനത്തെ 25 ശതമാനം കാർഡുടമകൾക്കെങ്കിലും പ്രതിമാസം റേഷൻ നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.