റേഷൻ മസ്റ്ററിങ് 30 വരെ നീട്ടി; ഇനി ‘മേരാ കെ.വൈ.സി’ മൊബൈല്‍ ആപ്പും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ കാർഡുകാരുടെയും മസ്റ്ററിങ്​ മൊബൈൽ ഫോൺ ഉപയോഗിച്ച് പൂർത്തിയാക്കാൻ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിർദേശത്തെ തുടര്‍ന്ന് ആധാർ ഏജൻസിയായ യുനീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) അംഗീകാരമുള്ള ‘മേരാ കെ.വൈ.സി’ മൊബൈല്‍ ആപ് ഉപയോഗിച്ച് നവംബർ 11മുതൽ മസ്റ്ററിങ് നടപടികൾ 100 ശതമാനം എത്തിക്കാനാണ്​ നീക്കം. ഹൈദരാബാദ് എൻ.ഐ.സിയാണ് ആപ്​ തയാറാക്കിയത്. ആപ്പിന്‍റെ സാങ്കേതിക പരിശോധന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിവരുന്നു.

സ്മാർട്ട് ഫോണിലെ പ്ലേ സ്റ്റോറില്‍നിന്ന്​ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇ-കെ.വൈ.സി അപ്ഡേഷൻ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിലൂടെ കിടപ്പ് രോഗികൾക്കും ഇ-പോസിൽ വിരലടയാളം പതിയാത്തവർക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മസ്റ്ററിങ്​ നടത്താം. മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിങ്​ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ റേഷൻ കാർഡ് മസ്റ്ററിങ് 84 ശതമാനം പൂർത്തിയാക്കി. സംസ്ഥാനത്ത് 19,84,134 എ.എ.വൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പി.എച്ച്.എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും (84.18 ശതമാനം) മസ്റ്ററിങ്​ പൂർത്തീകരിച്ചു. കൂടുതൽ മുൻഗണന റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ്​ പൂർത്തീകരിച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. നവംബർ അഞ്ചിന് അവസാനിക്കുന്ന മസ്റ്ററിങ്​ നടപടികൾ ആറു മുതൽ ഐറിസ് സ്‌കാനർ ഉപയോഗിച്ച്​ വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ അപ്‌ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്‍റെ സഹായത്തോടെയുള്ള ക്യാമ്പുകൾ താലൂക്കുകളിൽ ഇ-കെ.വൈ.സി അപ്ഡേഷൻ സംഘടിപ്പിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

എന്താണ് മേരാ ഇ-കെ.വൈ.സി?

വിരലടയാളം പതിയാത്തവർ, ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമുള്ള കിടപ്പുരോഗികൾ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ ഉദ്ദേശിച്ചാണ് മേരാ ഇ-കെ.വൈ.സി എന്ന പേരിലുള്ള ആപ്. വിരലടയാളത്തിന്‍റെ ഐക്കണോടു കൂടിയ ആപ് പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാം. ഇതൊടൊപ്പം ആധാർ ഫേസ്​ റീഡ്​ ആപ് കൂടി ഡൗൺലോഡ് ചെയ്യണം. ഇത്​ ബാക്ക് എൻഡിൽ പ്രവർത്തിക്കുമ്പോൾ മേരാ ഇ-കെ.വൈ.സി ആപ്പിലേക്ക് ആധാർ നമ്പർ നൽകണം. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച ഫോണിലേക്ക് വരുന്ന ഒ.ടി.പിയും ആപ്പിൽ കാണിക്കുന്ന ക്യാപ്ച കോഡും എന്റർ ചെയ്താൽ വിഡിയോക്ക്​ സജ്ജമാകും. സ്വന്തം മുഖം വിഡിയോയിൽ പതിഞ്ഞ് ആധാറിലെ ഫോട്ടോയുമായി ഒത്തുനോക്കി അംഗീകരിക്കുന്നതോടെ മസ്റ്ററിങ് പൂർത്തിയാകും.

Tags:    
News Summary - Ration mustering extended till 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.